ഡിഎംകെയുടെ വിജയത്തിനായി  ക്ഷേത്രത്തില്‍ വിരല്‍ അറുത്ത്   സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

ചെന്നൈ- ഡിഎംകെയുടെ വിജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കുഞ്ഞുവിരല്‍ അറുത്ത് കാണിക്കയായി സമര്‍പ്പിച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗറിലെ ഇറുകന്‍ഗുഡിയിലാണ് സംഭവം. ഡിഎംകെ വിജയിച്ച് അധികാരത്തില്‍ വരുന്നതിനും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് 66കാരന്‍ സ്വന്തം വിരല്‍ അറുത്ത് സമര്‍പ്പിച്ചത്. വിരുദുനഗര്‍ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ഗുരുവയ്യ ആണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
ഡിഎംകെയുടെയും എം കെ സ്റ്റാലിന്റെയും കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും തന്റെ ആരാധനാപാത്രമായ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാത്തത് ഗുരവയ്യയെ കടുത്ത നിരാശനാക്കിയിരുന്നു. എല്ലാതവണയും ഗുരുവയ്യ ഇരുകന്‍ഗുഡി മാരിയമ്മന്‍ കോവിലിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെ ഗുരുവയ്യ പതിവുപോലെ ക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥിച്ചതിന് ശേഷം ഇടതുകൈയിലെ കുഞ്ഞുവിരല്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. അധികാരം നിലനിര്‍ത്താന്‍ അണ്ണാഡിഎംകെ ബിജെപി സഖ്യം ശ്രമിക്കുമ്പോള്‍ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്ന സര്‍വേഫലങ്ങളാണ് ഡിഎംകെ സഖ്യത്തിന്റെ ആത്മവിശ്വാസം. കലൈഞ്ജര്‍ കരുണാനിധിക്കും ജയലളിതയ്ക്ക് ശേഷം ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട് എന്നതിന്റെ ഉത്തരമാണ് ചൊവ്വാഴ്ച കുറിയ്ക്കപ്പെടുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും എം കെ സ്റ്റാലിനും കമല്‍ഹാസനും ടിടിവി ദിനകരനടക്കം നേതാക്കള്‍ക്കും ഇത് ജീവന്മരണ പോരാട്ടമാണ്. പുരട്ചി തലൈവിയുടെ പിന്‍ഗാമി ആരെന്നതില്‍ തട്ടി അണ്ണാഡിഎംകെ രണ്ടായി പിളര്‍ന്ന് വോട്ട് തേടുന്നു. അടിത്തറ ഇളകിയ അണ്ണാഡിഎംകെ ഒരു എതിരാളിയേ അല്ലെന്നാണ് ഡിഎംകെയും എംകെ സ്റ്റാലിനും വാദിക്കുന്നത്.
ദ്രാവിഡ പാര്‍ട്ടികളുടെ ചുമലിലേറി തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും കറുത്ത കുതിരകളാകുമോയെന്നും കണ്ടറിയണം. 234 അംഗ നിയമസഭയില്‍ 179 സീറ്റുകളില്‍ അണ്ണാഡിഎംകെ മല്‍സരിക്കുമ്പോള്‍ സഖ്യ കക്ഷിയായ ബിജെപിക്ക് 20 സീറ്റാണ് നല്‍കിയിട്ടുള്ളത്. മറുവശത്ത് 173 സീറ്റുകളില്‍ പോരാടുന്ന ഡിഎംകെ 25 സീറ്റുകള്‍ കോണ്‍ഗ്രസിന് നീക്കിവച്ചു.

Latest News