ന്യൂദൽഹി- കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 12 എടിഎമ്മുകളില്‍നിന്നായി 2.1 കോടി രൂപ കൊള്ളയടിച്ച സംഘത്തിലെ രണ്ടു പേരെ ദല്‍ഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മേവാത് ആസ്ഥാനമായുള്ള സംഘത്തിലെ രണ്ട് പ്രധാനികളെയാണ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയിലും ഹരിയാനയിലും എ.ടി.എമ്മില്‍ കവർച്ച നനടത്തിയ സുഹ്‌റാബ്, ഷക്കീൽ എന്നിവരാണ് പിടിയിലായതെന്ന് ഡിസിപി പ്രമോദ് കുശ് വാഹ പറഞ്ഞു.
ഇൻസ്പെക്ടർ ശിവകുമാർ, എസ്‌ഐ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സുഹ്റാബ് രാജസ്ഥാനിലെ കാമയിൽ ഒളിച്ചിരിക്കുകയാണെന്നും പുലർച്ചെ നാലുമണിയോടെ സിൽഖോ ടോൾ പ്ലാസയിലൂടെ കടന്നുപോകുമെന്നും പോലീസിന് സൂചന ലഭിക്കുകയായിരുന്നു.
മേവത്തിലെ തന്റെ കൂട്ടാളിയെ കാണാൻ പോകുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നുവെന്നും ഡിസിപി കുശ് വാഹ പറഞ്ഞു. ടോൾ പ്ലാസയിൽ വിന്യസിച്ച പോലീസ് പുലർച്ചെ നാലരയോടെ ടാക്‌സിയിലെത്തിയ സുഹ്റാബിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ എടിഎം കവർച്ചയിൽ പങ്കെടുത്ത പ്രധാനിയാണെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.
താനും മുഖ്യ പ്രതി ഷാഹിദ് അദ്വാനിയും ഉൾപ്പെടെ ഏഴംഗ സംഘം 2019 ൽ ദല്‍ഹിയിലും ഹരിയാനയിലുമായി എട്ട് എടിഎമ്മുകൾ തകർത്തതായി പ്രതി സമ്മതിച്ചു. രണ്ട് വർഷമായി സുഹ്‌റാബ് ഒളിവിലായിരുന്നു.
എടിഎമ്മുകൾ പരിശോധിച്ച് എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കണോ അതോ പിഴുതെറിയണോ എന്ന് സുഹ്റാബാണ് തീരുമാനിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മാൽവിയ നഗറിനടുവെച്ചാണ് രണ്ടാമത്തെ പ്രതി ഷക്കീലിനെ പോലീസ് പിടികൂടിയത് പോലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നിരായുധനാക്കി. ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലീസ് കണ്ടെടുത്തു.
എടിഎമ്മുകൾ കൊള്ളയടിക്കുന്നതിനുമുമ്പ് പിടിക്കപ്പെടാതിരിക്കാൻ സിസിടിവി ക്യാമറയിൽ കറുത്ത പെയിന്റ് തളിക്കുമായിരുന്നു.. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് എടിഎമ്മുകൾ തുറന്ന ശേഷം ക്യാഷ് ക്യാബിനുകൾ പുറത്തെടുക്കാറാണ് പതിവ്. ചില സംഭവങ്ങളില്‍ എടിഎമ്മുകൾക്ക് ചുറ്റും കയറു കെട്ടി എസ്.യു.വികള്‍ ഉപയോഗിച്ച് വലിച്ചു മാറ്റുകയും ചെയ്തു.