വാഷിങ്ടന്‍- ആമസോണ്‍ മികച്ച തൊഴിലിടമല്ലെന്നും ജോലിത്തിരക്കു കാരണം ജീവനക്കാര്‍ പ്ലാസ്റ്റിക് കുപ്പിയിലാണ് മൂത്രമൊഴിക്കുന്നതെന്നുമുള്ള ആരോപണത്തെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ശരിവച്ചു. തെറ്റ് സമ്മതിച്ച ആമസോണ്‍ പരസ്യമായ മാപ്പു പറഞ്ഞിരിക്കുകയാണിപ്പോള്‍. യുഎസ് പാര്‍ലമെന്റ് അംഗമായ ഡെമോക്രാറ്റ് നേതാവ് മാര്‍ക്ക് പൊക്കന്‍ ആണ് കഴിഞ്ഞ ആഴ്ച ഈ വിഷയം പൊതുജനമധ്യേ ചര്‍ച്ചയാക്കിയത്. അന്ന് ആമസോണ്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
മണിക്കൂറിന് 15 ഡോളര്‍ കൂലി നല്‍കുകയും അതേസമയം ജീവനക്കാരെ കൊണ്ട് കുപ്പിയില്‍ മുത്രമൊഴിപ്പിക്കുകയും ചെയ്യുന്നത് ആമസോണിനെ പുരോഗമനപരമായ ഒരു തൊഴിലിടമാക്കുന്നില്ല എന്നായിരുന്നു മാര്‍ക്ക് പൊക്കന്‍ പറഞ്ഞത്. ഇതേറെ ചര്‍ച്ചയാകുകുയം ചെയ്തു. അലബാമയിലെ ആമസോണിന്റെ വലിയൊരു പ്ലാന്റില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ആമസോണ്‍ എതിര്‍ക്കുന്നതിനെ സംബന്ധിച്ച് പറയുന്നതിനിടെയാണ് പൊക്കന്‍ ഇക്കാര്യം എടുത്തിട്ടത്.
എന്നാല്‍ ഡ്രൈവര്‍മാര്‍ കുപ്പിയില്‍ മൂത്രമൊഴിക്കുന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന മറുചോദ്യവുമായാണ് ആമസോണ്‍ ഈ ആരോപണത്തെ അന്ന് നിഷേധിച്ചത്. ഇത് ശരിയാണെങ്കില്‍ ആരും ആമസോണില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ മാര്‍ക്ക് പൊക്കന്‍ ഉന്നയിച്ച വിഷയം കൂടുതല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതോടൊപ്പം ജോലിക്കിടെ സമയം ലഭിക്കാത്തതു കാരണം പ്ലാസ്റ്റിക് കുപ്പിയില്‍ മൂത്രമൊഴിക്കേണ്ടി വരുന്ന ഗതികേടിനെ കുറിച്ച് സംസാരിച്ച് നിരവധി ആമസോണ്‍ തൊഴിലാളികളും രംഗത്തു വരികയും ചെയ്തു. ഇതോടെ വെട്ടിലായ ആമസോണ്‍ ഗത്യന്തരമില്ലാതെ ഇപ്പോള്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാര്‍ക്ക് പൊക്കനോട് ആമസോണ്‍ മാപ്പപേക്ഷിച്ചത്.