ന്യൂദല്‍ഹി- രാജ്യത്ത് 93,249 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,24,85,509 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബർ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന കേസുകളാണിത്. 513 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ വൈറസ് മൂലം ഇതുവരെ മരിച്ചവരുടെ 1,64,623 ആയി വർധിച്ചു.
സെപ്റ്റംബർ 19 ന് രാജ്യത്ത് 24 മണിക്കൂറിനിടെ 93,337 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകൾ തുടർച്ചയായ 25-ാം ദിവസം 6,91,597 ആയി ഉയർന്നു. ഫെബ്രുവരി 12 ന് 1,35,926 എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ആക്റ്റീവ് കേസുകള്‍.
രാജ്യത്ത് 1,16,29,289 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.
കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോൾ എന്നിവരടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഇതുവരെ നല്‍കിയ കൊറോണ വൈറസ് വാക്സിൻ ഡോസുകളുടെ എണ്ണം ശനിയാഴ്ച 7.44 കോടി കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും പിന്നീട് പ്രായമായവർക്കുമായി ജനുവരിയിലാണ് രാജ്യത്ത് കുത്തിവയ്പ്പ് പദ്ധതി ആരംഭിച്ചത്. വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന്, ആരംഭിച്ചു. 45 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് വാക്സിന്‍ നല്‍കി വരുന്നത്.