ന്യൂദല്‍ഹി- പ്രവാചകനെ അവഹേളിച്ച് മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മതനേതാവ് നരസിംഗാനന്ദിനെതിരെ ദല്‍ഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആം ആദ്മി എംഎൽഎ അമാനത്തുല്ല ഖാന്‍ നല്‍കിയ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
നരസിംഗാനന്ദിനെതിരെ പരാതി സമർപ്പിച്ചതായി ഖാൻ സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചു.
നരസിംഗാനന്ദ് മുസ്‌ലിം സമുദായത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിലാണ് വീഡിയോ ചിത്രീകരിച്ചത്.
ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നരസിംഗാനന്ദിനെപ്പോലുള്ളവർ സമൂഹത്തിൽ ജീവിക്കാൻ യോഗ്യരല്ലെന്നും ഇത്തരം ആളുകൾ രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുകയാണെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു.