Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാർ ഉൾപ്പെടെ 50 കോടി ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ 'സൗജന്യ വിതരണത്തിന്'

വാഷിങ്ടന്‍- 50 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള സ്വകാര്യ വ്യക്തി വിവരങ്ങള്‍ സൗജന്യ വിതരണത്തിന് തയാറെന്ന് ഹാക്കര്‍. നൂറിലേറെ രാജ്യങ്ങളിലെ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇവയില്‍ 60 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളും ഉള്‍പ്പെടും. ജനുവരി മുതല്‍ ഹാക്കര്‍മാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് വിവരശേഖരമാണ് ഇതെന്ന് സംശയിക്കപ്പെടുന്നതായി ടെക്ക് പ്രസിദ്ധീകരണമായ മദര്‍ബോഡ് റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രഈലി സൈബര്‍ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്ക് സ്ഥാപകന്‍ അലോന്‍ ഗാലിനെ ഉദ്ധരിച്ചാണ് ഈ റിപോര്‍ട്ട്. താഴെകിടയിലുള്ള ഹാക്കര്‍മാര്‍ക്ക് സൗജന്യ നിരക്കില്‍ ഈ വിവര ശേഖരം ലഭ്യമാക്കിയിരിക്കുകയാണ്. ഈ വിവരശേഖരത്തിന്റെ ആധികാരികത പരിശോധിച്ചിട്ടുണ്ടെന്നും ശരിയാണെന്ന് തിരിച്ചറിഞ്ഞതായും ഗാല്‍ പറയുന്നു. 

അതേസമയം ലീക്കായി എന്നു പറയപ്പെടുന്ന ഈ വിവര ശേഖരം വളരെ പഴയതാണെന്നാണ് ഫെയ്‌സ്ബുക്കിന്റെ മറുപടി. 2019 ഓഗസ്റ്റില്‍ ഉയര്‍ന്നുവന്ന ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരശേഖരമാണിതെന്നും ഇത് അന്നു തന്നെ പരിഹരിച്ചതാണെന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നു. 

ടെലഗ്രാം വഴി 2019ല്‍ 20 ഡോളര്‍ നിരക്കില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ഡേറ്റശേഖരമാണിപ്പോള്‍ സൗജന്യമായി വിതരണത്തിനെത്തിച്ചിരിക്കുന്നത്. ഇത് ഫെയ്‌സ്ബുക്കി പരിഹരിച്ചിരുന്നെങ്കിലും 2020 ജൂണിലും 2021 ജനുവരിയിലും ഈ വിവരശേഖരം വീണ്ടും ചോര്‍ന്നിരുന്നു.

ഇതിപ്പോള്‍ സൗജന്യ വിതരണത്തിന് എത്തിച്ച ഹാക്കറുമായി റോയിട്ടേഴ്‌സ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വരും മാസങ്ങളില്‍ ഇത്തരം സ്വകാര്യ വിവര ചോര്‍ച്ച ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യൂസര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഗാല്‍ മുന്നറിയിപ്പു നല്‍കുന്നു.

Latest News