Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍: 18 ജവാന്‍മാരെ കാണാനില്ല, കൊല്ലപ്പെട്ടത് 8 പേര്‍

റായ്പൂര്‍- ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിയില്‍ അര്‍ദ്ധസൈനികരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 18 ജവാന്‍മാരെ കാണാതായി. എട്ടു ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 23 പേരെ ബിജാപുര്‍ ആശുപത്രിയിലും ഏഴു പേരെ റായ്പൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു. 

മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനില്‍ ഏര്‍പ്പെട്ടിരുന്ന സിആര്‍പിഎഫ്, ഡിആര്‍ജി ജവാന്‍മാര്‍ക്കു നേരെ മാവോയിസ്റ്റ് വെടിവെപ്പുണ്ടായതോടെയാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ മൂന്ന് ജവാന്‍മാരും സിആര്‍പിഎഫിലെ രണ്ടു ജവാന്മാരും ഒരു മാവോയിസ്റ്റുമാണ് കൊല്ലപ്പെട്ടതെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സിആര്‍പിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

2013ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 30ലേറെ പേര്‍ കൊല്ലപ്പെട്ട ഝിറം ഘാട്ടി ആക്രണം അടക്കം നിരവധി വലിയ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മയെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപറേഷന്‍ നടത്തി വരുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് നാരായന്‍പൂര്‍ ജില്ലയില്‍ ഡിആര്‍ജി ജവാന്‍മാര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News