ലഖ്‌നൗ-ഹാഥ്‌റസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ പേരിലുള്ള കുറ്റപത്രം യു.പി പോലീസ് കോടതിയിൽ സമർപ്പിച്ചു. അയ്യായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. യു.എ.പി.എ പ്രകാരമുള്ള കുറ്റമാണ് കാപ്പന്റെ പേരിൽ ചുമത്തിയത്. വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളും കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാപ്പനെ പോലീസ് ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ പിടികൂടിയത്.
സിദ്ദീഖ് കാപ്പനും കൂടെ ഉണ്ടായിരുന്ന പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹ്മദ്, ആലം എന്നിവർക്കെതിരെ രാജ്യദ്രോഹം കുറ്റവും യുഎപിഎ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഹാഥ്‌റസിലേക്കുള്ള ഇവരുടെ യാത്ര സമാധാന അന്തരീക്ഷം തകർക്കാനും ഗൂഢാലോചനയുടെ ഭാഗവുമായിരുന്നു എന്നാണ് യുപി പോലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.അതേസമയം കുറ്റപത്രത്തിന്റെ പകർപ്പ് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് കാപ്പന്റെ അഭിഭാഷകൻ അറിയിച്ചു.