കേപ് ടൗണ്‍- കടല്‍ തീരത്ത് നൂറ് കണക്കിന് അതീവ അപകടകാരികളായ വിഷ മത്സ്യങ്ങള്‍. സയനൈഡിനെക്കാള്‍ മാരക വിഷമുള്ള മത്സ്യങ്ങളാണ് തീരത്ത് ചത്തടിഞ്ഞത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലുള്ള മുയിസെന്‍ബര്‍ഗ് കടല്‍തീരത്താണ് നൂറുകണക്കിന് വിഷ മത്സ്യങ്ങള്‍ ചത്തടിഞ്ഞത്.
ബ്രിട്ടീഷ് ഗവേഷകയായ ടെസ്സ് ഗ്രിഡ്‌ലെയും കുടുംബവും കടല്‍ തീരത്ത് കൂടി നടക്കുന്നതിനിടെയാണ് മത്സ്യങ്ങള്‍ കിലോമീറ്ററുകളോളം ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടകാരികളായ പഫര്‍ മത്സ്യങ്ങളാണ് ഇവയെന്ന് തിരിച്ചറിയുകയായിരുന്നു. അതീവ വിഷമുള്ള മത്സ്യങ്ങളാണിവ. അതുകൊണ്ട് തന്നെ പ്രദേശവാസികളോട് ഇവ ഭക്ഷിക്കരുതെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ ഈ മത്സ്യത്തെ ഭക്ഷിച്ച വളര്‍ത്തുനായ ചത്തതായും പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വളര്‍ത്ത് നായയെ കൊണ്ട് ബീച്ചില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. സയനൈഡിനെക്കാള്‍ വിഷമുള്ളവയാണ് പഫര്‍ ഫിഷുകള്‍. ഇവയെ ഭക്ഷിച്ചാല്‍ മരണം ഉറപ്പാണ്. വിഷമുണ്ടെങ്കിലും ജപ്പാന്‍, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളില്‍ ചിലയിനം പഫര്‍ ഫിഷുകള്‍ മനുഷ്യരുടെ ഇഷ്ടവിഭവമാണ്.
പ്രായപൂര്‍ത്തിയായ 30 പേരെ കൊല്ലാന്‍ പഫര്‍ഫിഷില്‍ ഉള്ള വിഷം മതിയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സകളുമില്ല. ഒരിഞ്ചു മുതല്‍ രണ്ടടി വരെയാണ് ഇവയുടെ നീളം. മാംസഭോജികളാണ് പഫര്‍ഫിഷുകള്‍.