ജയ്പുര്‍- പീഡന പരാതിയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. ബലാത്സംഗ പരാതി അന്വേഷിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി പണം ആവശ്യപ്പെടുകയായിരുന്നു.
യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി.
കൈലാഷ് ബൊഹ്‌റ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്. ഗവര്‍ണറുടെ അനുമതിയോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. മാര്‍ച്ച് 20ന് ബൊഹ്‌റയ്ക്ക് നിര്‍ബന്ധിത വിരമിക്കലിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിലെ എസിപിയായിരുന്നു കൈലാഷ് ബൊഹ്‌റ. പരാതിയുമായി എത്തിയ യുവതിയോട് ഇയാള്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടിരുന്നു. യുവതി അത് നിരസിച്ചപ്പോള്‍ തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നായി. ഇതോടെ യുവതി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.