ഗുവാഹത്തി- കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ദുരുപയോഗം ചെയ്ത് ജയിലിലടക്കുമെന്ന് പ്രതിപക്ഷ കക്ഷി നേതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രചരണ വിലക്കേര്‍പ്പെടുത്തിയ അസമിലെ ബിജെപി മന്ത്രി ഹിമന്ദ വിശ്വ ശര്‍മയ്ക്ക് കമ്മീഷൻ തന്നെ ഇളവ് നൽകി. 48 മണിക്കൂറായിരുന്നു വിലക്ക്. എന്നാൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതോടെ ഈ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യനേതാവായ വിശ്വയ്ക്ക് പ്രചരണത്തിനിറങ്ങാൻ അവസരമില്ലായിരുന്നു. ഇതിനിടെയാണ് കമ്മീഷൻ വിലക്കു കാലാവധി 24 മണിക്കൂറായി വെട്ടിച്ചുരുക്കിയത്. ഇതോടെ അവസാന ദിവസം പ്രചരണത്തിനിറങ്ങാൻ വിശ്വയ്ക്ക് അവസരമൊരുങ്ങി. ഹിമന്ദ വിശ്വ ശർമ മാപ്പു പറഞ്ഞത് പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.
അസമിലെ പ്രതിപക്ഷ സഖ്യത്തിലുള്‍പ്പെട്ട ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഹഗ്രമ മൊഹിലാരിയെ എന്‍ഐഎയെ വിട്ട് പിടികൂടി ജയിലലടക്കുമെന്നായിരുന്നു ഹിമന്ദയുടെ ഭീഷണി. കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന്‍ ഹിമന്ദയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ചൊവ്വാഴ്ച അവസാന ഘട്ട വോട്ടടെടുപ്പ് നടക്കുന്ന അസമില്‍ ഇനി ഹിമന്ദയ്ക്ക് പ്രചരണത്തിനിറങ്ങാന്‍ കഴിയില്ല. ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പു തന്ത്രജ്ഞനും താരപ്രചാരകനുമാണ് ഹിമന്ദ. ഹിമന്ദയുടെ പ്രസ്താവനയെ കമ്മീഷന്‍ ശക്തമായി അപലപിച്ചു. മാര്‍ച്ച് 28നായിരുന്നു ഹിമന്ദയുടെ വിവാദ പ്രസംഗം.