Sorry, you need to enable JavaScript to visit this website.

ഇവരൊക്കയാണ് പി.ആര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത്; പിന്നാമ്പുറത്ത് കോടികളുടെ ബിസിനസ്

തിരുവനന്തപുരം- കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കൂടുതല്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നത് ആരാണ്? പബ്ലിക് റിലേഷന്‍സ് (പി.ആര്‍) ഏജന്‍സികള്‍ ഇത്രമാത്രം ചര്‍ച്ചയായ ഒരു തെരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടികളും രാഷ്ട്രീയ തന്ത്രജ്ഞരും തെരഞ്ഞെടുപ്പു പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്ന കാലത്തു നിന്നും മാറി ഇന്ന് ഈ ജോലികള്‍ക്കെല്ലാം പ്രൊഫഷണല്‍ ഏജന്‍സികളെ തന്നെ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഉപയോഗപ്പെടുത്തി വരുന്നു. കേരളത്തില്‍ ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ഇത്തരം ഏജന്‍സികളുടെ സേവനം കോടികള്‍ മുടക്കി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 72 കോടിയുടെ ബിസിനസ് ആണ് പി.ആര്‍ രംഗത്തു മാത്രം നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. 12 പ്രൊഫഷണല്‍ പി.ആര്‍ ഏജന്‍സികളാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

അഭിപ്രായ സര്‍വേകള്‍ നടത്തുക, ക്രിയേറ്റീവ് കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുക, പൊതുജന സമ്പര്‍ക്കം തന്ത്രങ്ങള്‍ മെനയുക, ഇവന്റ് മാനേജ്‌മെന്റ്, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക എന്നിവയാണ് ഈ ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പിആര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇത്തരം ഏന്‍സികളെ ഉപയോഗപ്പെടുത്തിന്നതില്‍ ആരും മോശക്കാരല്ല എന്നതാണ് വസ്തുത. 

രാജ്‌നീതി പൊളിറ്റക്കല്‍ മാനെജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്ന കര്‍ണാടകയിലെ ഒരു ഏജന്‍സിയാണ് ബിജെപിക്കു വേണ്ടി സജീവമായി രംഗത്തുള്ളത്. കര്‍ണാകടയില്‍ നിന്നുള്ള 50 പേരടങ്ങുന്ന യുവസംഘം ഈ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്ന 32 മണ്ഡലങ്ങളിലാണ് ഇവരുടെ ജോലി. വോട്ടര്‍മാരെ നേരിട്ടു മനസ്സിലാക്കി അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനാണ് ബിജെപി ഈ ബെംഗളുരു ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏന്തെല്ലാമാണ് കേരളത്തില്‍ ചെയ്യുന്നതെന്ന് ചോദ്യത്തിന് രാജ്‌നീതി മേധാവി ശരത്ചന്ദ്ര ശങ്കര്‍ നാഗ് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് പറയുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. മൂന്ന് മാസം മുമ്പു തന്നെ രാജ്‌നീതി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ഈ പി.ആര്‍ ഏജന്‍സികള്‍ 75 കോടി രൂപയുടെ എങ്കിലും ബിസിനസ് നടത്തുന്നുണ്ടെന്ന് മറ്റൊരു ഏജന്‍സിയായ ബസ്‌സ്റ്റോപ് എംഡി ഡൊമിനിക് സാവിയോ പറഞ്ഞതായി ടൈംസ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയ്ക്കു പിന്നില്‍ മൂന്ന് ഏജന്‍സികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിലൊന്നായിരുന്നു ബസ്‌സ്റ്റോപ്. ഇവന്റ് മാനേജ്‌മെന്റിനായി ഇംപ്രിസാരിയോ, വിഡിയോ പ്രൊഡക്ഷനു വേണ്ടി ടിവിസി ഫാക്ടറി, ക്രിയേറ്റീവ് കണ്ടന്റ് ക്രിയേഷനു വേണ്ടി ബസ്‌സ്‌റ്റോപ് എന്നീ മൂന്ന് ഏജന്‍സികളുടെ സേവനമാണ് രമേശ് ചെന്നിത്തല ഉപയോഗിച്ചത്. കൂടാതെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുംബൈ ആസ്ഥാനമായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്റെ സേവനവും രമേശ് ചെന്നിത്തല ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ എന്‍പിഎം-നികസന്‍ പൊളിറ്റിക്കല്‍ മീഡിയ എന്ന ഏജന്‍സിയേയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി ഉപയോഗിക്കുന്നതെന്ന് സാവിയോ പറയുന്നു.

പി.ആര്‍ ഏജന്‍സികളുടെ പേരില്‍ പഴികേള്‍ക്കുന്ന എല്‍ഡിഎഫും സിപിഎമ്മുമാകട്ടെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി സൃഷ്ടിച്ചെടുത്ത നെറ്റ്‌വര്‍ക്കാണ് പ്രധാനമായും പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക യുവസംഘം തന്നെ സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ സ്വന്തം പി.ആര്‍ സംവിധാനമായ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പു വഴിയും എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നിലയില്‍ പി.ആര്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ വകുപ്പ് കൂടുതല്‍ ജോലികള്‍ക്കായി മുംബൈ ആസ്ഥാനമായ കോണ്‍സപ്റ്റ് കമ്യുണിക്കേഷന്‍സ് എന്ന ഏജന്‍സിക്കും കരാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ ഈ ഏജന്‍സിക്ക് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. 

പരമ്പരാഗത തെരഞ്ഞെടുപ്പു പ്രചരണ രീതികള്‍ അടിമുടി മാറിയിരിക്കുന്നുവെന്ന് സാവിയോ പറയുന്നു. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പുകളും, ഏറ്റവും താഴെതട്ടില്‍ വരെ ബുത്ത് തലത്തില്‍ വോട്ടര്‍മാരുടെ അഭിപ്രായമറിയാന്‍ കഴിയുന്ന പ്രത്യേക സംവിധാനങ്ങളുമാണ് പാര്‍ട്ടികളും മുന്നണികളും രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ ഉപയോഗിക്കുന്നത്. വോട്ടര്‍മാരുടെ മതം, ജാതി, ലിംഗം, സാമൂഹിക സാഹചര്യം എന്നിവയെല്ലാം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഇവര്‍ ഉപയോഗപ്പെടുത്തുന്നതായി സാവിയോ പറയുന്നു. 

Latest News