സഹാറൻപൂർ- മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ ഹരജി സമർപ്പിച്ച് ശ്രദ്ധിക്കപ്പെട്ട അതിയ സാബ്രിക്ക് ജീവനാംശനത്തിനായുള്ള നിയമ പോരാട്ടത്തില്‍ വിജയം. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ കുടുംബ കോടതിയിലാണ് അതിയ സാബ്രിക്ക് അനുകൂലമായ വിധി. വിവാഹമോചനം നടത്തിയ ഭർത്താവ് 21,000 രൂപ പ്രതിമാസം ജീവനാശം നല്‍കണം. കഴിഞ്ഞ അഞ്ചുവർഷത്തെ കുടിശ്ശികയായ 13.4 ലക്ഷം നല്‍കണമെന്നും കോടതി ഉത്തരവായി.
2012 മാർച്ച് 25 നായിരുന്നു അതിയ സാബ്രിയും മുഹമ്മദ് വാജിദ് അലിയും തമ്മിലുള്ള വിവാഹം. ഒരു വർഷത്തിനുശേഷം ആദ്യത്തെ മകള്‍ക്കും 2014 ൽ രണ്ടാമത്തെ പെൺകുഞ്ഞിനും ജന്മം നല്‍കി. ഇതിനുശേഷം ഭർത്താവും അദ്ദേഹത്തിന്‍റെ മാതാപിതാക്കളും സ്ത്രീധനത്തിന്‍റെ പേരില്‍ ഉപദ്രവിച്ചു തുടങ്ങിയെന്നായിരുന്നു പരാതി. 2015 നവംബർ രണ്ടിന് ഭർത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തി.
2015 നവംബർ 24 ന് ഭർത്താവിൽ ചെലവ് ആവശ്യപ്പെട്ട് സഹാറൻപൂർ കോടതിയെ സമീപിച്ചു. ഇതിനിടയിൽ മുത്തലാഖിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അതിയ സാബ്രി സുപ്രീം കോടതിയെയും സമീപിച്ചു.സുപ്രീം കോടതയുടെ അഞ്ചംഗ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത് അതി സാബ്രിക്ക് ചരിത്ര വിജയമായി.
അതേസമയം, സഹാറൻപൂർ കുടുംബ കോടതിയിൽ ചെലവിനായുള്ള കേസ് തുടരുകയായിരുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് ജസ്റ്റിസ് നരേന്ദ്ര കുമാർ അതിയ സാബ്രിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. എട്ട്, ഏഴ് വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കളെ പരിപാലിക്കാൻ വേണ്ടി 21,000 രൂപ പ്രതിമാസം ചെലവിനു നല്‍കണമെന്നാണ് ജസ്റ്റിസ് കുമാർ അതിയ സാബ്രിയുടെ ഭർത്താവിനോട് നിർദ്ദേശിച്ചത്.