ന്യൂദല്‍ഹി- മ്യാന്‍മറില്‍ അധികൃതരെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഭയാര്‍ത്ഥിയായ ഇന്ത്യയിലെത്തിയ 16കാരിയായ റോഹിങ്യ മുസ്‌ലിം പെണ്‍കുട്ടിയെ തിരിച്ചയക്കുന്നത് അവസാന നിമിഷം സര്‍ക്കാര്‍ തടഞ്ഞു. മ്യാന്മറില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷം കാരണമാണ് അവരുമായി ബന്ധപ്പെടാന്‍ കഴിയാതെ പോയത്. അനധികൃതമായി ഇന്ത്യയിലെത്തി എന്ന പേരില്‍ പെണ്‍കുട്ടിയെ പിടികൂടി മണിപ്പൂരിലെ അതിര്‍ത്തിയിലെത്തിച്ചിരുന്നു. രേഖാപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ നിന്നും മ്യാന്മര്‍ അതിര്‍ത്തി കടത്താനായിരുന്നു നീക്കം. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ മ്യാന്മര്‍ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
2017ല്‍ മ്യാന്മറിലെ സൈനിക ഭരണകൂടം റോഹിങ്യ വംശജര്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് രക്ഷതേടി രാജ്യം വിട്ടതാണ് ഈ പെണ്‍കുട്ടി. പിതാവ് മുഹമ്മദ് സബര്‍ ഇപ്പോള്‍ ബംഗ്ലാദേശിലെ റോഹിങ്യ അഭയാര്‍ത്ഥി ക്യാമ്പിലാണ്. 2019ല്‍ ബംഗ്ലദേശില്‍ നിന്നും ഇന്ത്യ വഴി മലേഷ്യയിലേക്ക് പോകാനായി പുറപ്പെട്ടതായിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഇന്ത്യയില്‍ പിടിയിലായി. മകളെ വിട്ടു തരണമെന്ന് പിതാവ് സബര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പെണ്‍കുട്ടിയെ മ്യാന്മറിലേക്ക് നാടുകടത്താനുള്ള നീക്കവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതു നടക്കാതെ വന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ അസമിലെ ഒരു സന്നദ്ധ സംഘടനയ്ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഈ സംഘടനയാണ് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയിരുന്നത്.
സ്വന്തം രാജ്യം പൗരത്വം പോലും നിഷേധിച്ച് അടിച്ചോടിച്ച മ്യാന്‍മറില്‍ നിന്നുള്ള ആയിരക്കണക്കിന് റോഹിങ്യ വംശജരാണ് അഭയം തേടി ഇന്ത്യയിലെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. യുഎന്‍ അഭയാര്‍ത്ഥി കമ്മീഷന്റെ അംഗീകാരവും ഇവരില്‍ ഏറെ പേര്‍ക്കുണ്ട്. എന്നാല്‍ ഇവര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇവരെ പിടികൂടി നാടുകടത്താനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്.