മഥുര- യുപിയിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലീസ് പിടികൂടിയ മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം ഭാരവാഹിയുമായ സിദ്ദീഖ് കാപ്പനെതിരെ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. സിദ്ദീഖ് കാപ്പനും കൂടെ ഉണ്ടായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതീഖുര്‍ റഹ്‌മാന്‍, മസൂദ് അഹ്‌മദ്, ആലം എന്നിവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റവും യുഎപിഎ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഹഥ്‌റസിലേക്കുള്ള ഇവരുടെ യാത്ര സമാധാന അന്തരീക്ഷം തകര്‍ക്കാനും ഗൂഢാലോചനയുടെ ഭാഗവുമായിരുന്നു എന്നാണ് യുപി പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
യുപി പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് രണ്ടു ദിവസം കൂടി സമയം കോടതിയോട് ചോദിച്ചിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിക്കേണ്ട കാലാവധി ഞായറാഴ്ചയാണ് തീരുന്നത്. ഇതിനു മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജില്ലാ ഗവ. അഭിഭാഷകന്‍ ശിവ് റാം സിങ് കോടതിയെ അറിയിച്ചു.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനേയും സഹയാത്രികരേയും യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇപ്പോള്‍ മഥുര ജയിലിലാണ് അടച്ചിട്ടിരിക്കുന്നത്.