ഇസ്ലാമാബാദ്- ഇന്ത്യയുമായുള്ള ബന്ധം ഏതു തലം വരെ പോകണമെന്ന കാര്യം തീരുമാനിക്കാന്‍ പാക്കിസ്ഥാനില്‍ ഇന്ന് സുപ്രധാന യോഗം. പ്രധാന വകുപ്പകളിലെ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി ഇംറാന്‍ ഖാൻ അധ്യക്ഷത വഹിക്കും.
യോഗത്തിൽ ആഭ്യന്തര, വിദേശകാര്യ, ആസൂത്രണ, മനുഷ്യാവകാശ മന്ത്രിമാർ പങ്കെടുക്കും. ഇന്ത്യയുമായി മെച്ചപ്പെടുത്തുന്ന ബന്ധം ഏതുതലം വരെ പോകണമെന്നാണ് യോഗം പ്രധാനമായും തീരുമാനിക്കുകയെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.
ഇതേ വിഷയങ്ങളിൽ ഉപസമിതി രൂപീകരിക്കുന്ന കാര്യവും വ്യാപാരം ആരംഭിക്കണോ വേണ്ടയോ എന്ന കാര്യവും ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.
കര, കടൽ മാർഗങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് പഞ്ചസാര, പരുത്തി, പരുത്തി നൂൽ എന്നിവ ഇറക്കുമതി ചെയ്യാൻ അനുവദിക്കാനുള്ള സാമ്പത്തിക ഏകോപന സമിതിയുടെ തീരുമാനത്തില്‍നിന്ന് പാക്കിസ്ഥാൻ ഫെഡറൽ മന്ത്രിസഭ വ്യാഴാഴ്ച പിന്‍വാങ്ങിയിരുന്നു.
ഇന്ത്യയിൽ നിന്ന് പരുത്തിയും നൂലും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു.