ജിദ്ദ- ഭാര്യക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കി കുടുംബജീവിതം തകര്‍ത്തുവെന്ന പരാതിയില്‍ സ്ത്രീ അരലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജിദ്ദ ക്രിമിനല്‍ കോടതി വിധിച്ചു.
ഭര്‍ത്താവിനെ അനുസരിക്കാതിരിക്കാനും മറ്റും പ്രേരിപ്പിച്ച് കൂട്ടുകാരിയുടെ ജീവിതം തകര്‍ത്തുവെന്നായിരുന്നു പരാതി.
കൂട്ടുകാരിയുടെ സ്വാധീനം കുടുംബ, ദാമ്പത്യ ബന്ധത്തില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
വീട്ടിലെ കാര്യങ്ങളില്‍ അനുസരണക്കേട് കാണിക്കാനും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനും വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അനുമതി ചോദിക്കാതിരിക്കാനും ഭാര്യയെ സുഹൃത്ത് പ്രേരിപ്പിച്ചു.
താനും ഭാര്യയും തമ്മില്‍ മാസങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്ക് പിറകില്‍ കൂട്ടുകാരിയുടെ സ്വാധീനമാണെന്ന് മനസ്സിലായെന്നും ദാമ്പത്യ ജീവിതം തകര്‍ത്തതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ കാലം മുതല്‍ തന്നെ സുഹൃത്തിന് ഉപദേശം നല്‍കിയിരുന്നതായി പ്രതി സമ്മതിച്ചു. വിവാഹ മോചനം നടക്കുമ്പോള്‍ നഷ്ടമൊന്നും സംഭവിക്കാതിരിക്കാനാണ് താല്‍പര്യമില്ലെന്ന രീതിയില്‍ പെരുമാറാന്‍ കൂട്ടുകാരിയെ ഉപദേശിച്ചതെന്നും അവര്‍ പറഞ്ഞു.
ഉദ്ദേശ്യം കണക്കിലെടുക്കാതെ വിവാഹിതരായ സ്ത്രീകളെ ഉപദേശിക്കരുതെന്ന് താക്കീത് നല്‍കിയ കോടതി പിഴ ഈടാക്കാനും അതു ഹരജിക്കാരനു നല്‍കാനും ഉത്തരവിടുകയായിരുന്നു.