ന്യൂദല്‍ഹി- സൗദി, യു.എ.ഇ, ഒമാന്‍ ,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാ രാമന്‍ അറിയിച്ചു.
നടപ്പുവര്‍ഷത്തെ ധനകാര്യ ബില്ലില്‍ പുതുതായോ കൂടുതലായോ നികുതി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നേരത്തെ നല്‍കിയ വാക്കില്‍നിന്ന് പിറകോട്ട് പോയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ആദായ നികുതി നിയമത്തിലെ വ്യക്തതക്കുവേണ്ടി ആരാണ് നികുതി നല്‍കാന്‍ ബാധ്യസ്ഥരെന്ന നിര്‍വചനം സംയോജിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ശമ്പള ഇനത്തിലുള്ള വരുമാനത്തിന് നികുതി ബാധകമാക്കിയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നേടുന്ന ശമ്പളത്തെ ഇന്ത്യയിലെ നികുതിയല്‍നിന്ന് ഒഴിവാക്കുന്നത് തുടരുമെന്നും ധനമന്ത്രി ട്വീറ്റ് ചെയ്തു.
സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുക മാത്രമല്ല ജങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുകകയാണെന്നും അവര്‍ പറഞ്ഞു.
2021 ഫിനാന്‍സ് ബില്ലിലെ വാക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും ഗള്‍ഫിലെ ജോലിക്കാര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനാണ് നീക്കമെന്നും പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും കോണ്‍ഗ്രസ് എം.പി ശശി തരൂരും ആരോപിച്ചിരുന്നു.
ഇക്കാര്യത്തില്‍ ധനമന്ത്രി വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനു മാത്രമേ നികുതി ഏര്‍പ്പെടുത്തകയുള്ളൂവെന്ന മന്തിയുടെ പഴയ പ്രസ്താവനയടക്കം ചൂണ്ടിക്കാട്ടി ഇരുവരും ആവശ്യപ്പെട്ടിരുന്നു.
ഒരു രാജ്യത്തും നികുതി നല്‍കാത്തവരുടെ ഇന്ത്യയിലെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.