ലണ്ടന്‍-ബ്രിട്ടനിലെ സ്‌കൂളുകളില്‍ നിന്ന് ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നത് ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. ഉന്നത പഠനനിലവാരമുള്ള സ്‌കൂളുകളെക്കുറിച്ചു അഭിമാനം കൊണ്ടിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ലൈംഗികാതിക്രമ വാര്‍ത്തകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നത്. സ്‌കൂളുകളിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഓഫ്‌സ്‌റ്റെഡിനോട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. സ്‌റ്റേറ്റ്, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ സുരക്ഷ സംബന്ധിച്ചാണ് എജ്യുക്കേഷന്‍ വാച്ച്‌ഡോഗ് പരിശോധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അതിക്രമം നേരിടുമ്പോള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന സുരക്ഷിതമായ സമ്പ്ര്ദായം ഉറപ്പാക്കാനും ഓഫ്‌സ്‌റ്റെഡ് ശ്രമിക്കും. പീഡനങ്ങള്‍ എത്രത്തോളം ആഴത്തിലും, കടുപ്പമേറിയതുമാണെന്ന് പരിശോധിക്കുമെന്നും എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എവരിവണ്‍'സ് ഇന്‍വൈറ്റഡ് എന്ന വെബ്‌സൈറ്റിലാണ് ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് 10,000 ലേറെ പേര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഒറ്റപ്പെടുത്തല്‍, അതിക്രമം, ചൂഷണം, അക്രമം തുടങ്ങിയ അനുഭവങ്ങള്‍ പേരുവെളിപ്പെടുത്താതെ രേഖപ്പെടുത്താന്‍ ഈ വെബ്‌സൈറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. എറ്റണ്‍ കോളേജ്, ഹാംപ്ടണ്‍, ചാര്‍ട്ടര്‍ഹൗസ് തുടങ്ങി വമ്പന്‍ പബ്ലിക് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇരകളായെന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ ഇതില്‍ കുടുങ്ങിയാല്‍ നടപടി നേരിടേണ്ടി വരും.