കോഴിക്കോട്- മുസ്ലിംകള്‍ ചുട്ടെരിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും അവർ നിസ്കാരം നിർവഹിക്കാത്തതു കൊണ്ടാണെന്ന വിവാദത്തില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാന്തപുരം എ.പി. അബൂബക്കർ മുസ് ല്യാരുടെ മകനുമായ ഡോ.എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ അർഥമാക്കിയിട്ടില്ലെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലായിരുന്നു. മർകസിന്റെ നേതൃത്വത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ അവശ ജനവിഭാഗങ്ങളെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങളിലേക്കു കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമായ മീറ്റിങ്ങുകളിലായിരുന്നു.
കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ്, മാസങ്ങൾക്കു മുമ്പ് കുറച്ചു മതവിദ്യാര്ഥികളുമായി നടത്തിയ ഒരു സംഭാഷണ ശകലം തെറ്റിദ്ധരിപ്പിക്കപ്പെടും വിധം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചു കണ്ടത്.
ഓരോ സമൂഹത്തോടും സംസാരിക്കുമ്പോൾ, അവരുടെ സാഹചര്യം , പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നൽകുക. അത് മറ്റൊരു കോണ്ടെസ്റ്റിൽ വായിക്കുന്നവർക്ക് , അവിടെ ഉദ്ദേശിക്കപ്പെട്ട ബോധന രീതി മനസ്സിലാക്കണമെന്നില്ല.
വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ അവരെ പഠനത്തിലും, ഇസ്‌ലാമിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.
മുസ്‌ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകൾക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങൾ വിവരിക്കുന്നത് പ്രകാരം വിശ്വാസികൾ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും.
പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗ്ഗം.
എന്നാൽ മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതർഥമാക്കുന്നില്ല .