പട്‌ന- ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വില വരുന്ന പച്ചക്കറി ഇനം. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഈ പച്ചക്കറിയുടെ പേരാണ് ഹാപ് ഷോട്ട്‌സ്. ഇന്ത്യയില്‍ ഇത് അപൂര്‍വമാണ്. ഈ പച്ചക്കറിയുടെ കൃഷി പരീക്ഷണം നടത്തി താരമായിരിക്കുകയാണ് ബിഹാറിലെ യുവ കര്‍ഷകന്‍ അമരേഷ് സിങ്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമരേഷ് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ കൃഷി ആരംഭിച്ചിരിക്കുന്നത്. വരാണസിയിലെ ഇന്ത്യന്‍ വെജിറ്റബ്ള്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തൈകള്‍ വാങ്ങിയാണ് കൃഷി തുടങ്ങിയത്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ കരംദി ഗ്രാമത്തിലാണ് ഈ യുവ കര്‍ഷകന്റെ പരീക്ഷണം.
അന്താരാഷ്ട്ര വിപണിയില്‍ ഹാപിന് ഒരു ലക്ഷം രൂപയോളം വില ആറു വര്‍ഷം മുമ്പ് തന്നെ ഉണ്ട്. ഇന്ത്യയില്‍ അത്യപൂര്‍വമായി ഈ ഇനം പ്രത്യേകം ഓര്‍ഡര്‍ ചെയ്താല്‍ മാത്രമെ ലഭിക്കൂ. ഇതുവരെ ചെയ്ത കൃഷിയില്‍ 60 ശതമാനവും വിജയകരമാണെന്ന് അമേരഷ് പറയുന്നു. രണ്ടു മാസം മുമ്പാണ് കൃഷി തുടങ്ങിയത്. കൂടുതല്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ ഇതുവഴി കര്‍ഷകര്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ പത്തിരട്ടിയിലേറെ ലാഭമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
ഈ പച്ചക്കറി ഇനത്തിന്റെ പൂവും കായും തണ്ടും എല്ലാറ്റിനും ഡിമാന്‍ഡുണ്ട്. ബെവറേജ് നിര്‍മാണത്തിനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. മരുന്ന് നിര്‍മാണ രംഗത്ത് ആന്റിബയോട്ടിക് നിര്‍മാണത്തിനും ബെവറെജ് രംഗത്ത് ബിയര്‍ ഉല്‍പ്പാദനത്തിനും ഇത് ഉപയോഗിച്ചു വരുന്നു. ഹാപിന്റെ തണ്ടില്‍ ട്യൂബര്‍കുലോസിസ് (ടി.ബി) സുഖപ്പെടുത്താന്‍ ഉയര്‍ന്ന ശേഷിയുള്ള പഥാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മരുന്ന് ആവശ്യത്തിന് ഈ ചെടി ഉപയോഗിച്ചു വരുന്നുണ്ട്. പ്രധാനമായും ചര്‍മ സംരക്ഷണത്തിനും സൗന്ദര്യവര്‍ധനവിനുമാണ് ഉപേയാഗിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡെന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്.
11ാം നൂറ്റാണ്ടിലാണ് ഈ ചെടിയെ കണ്ടെത്തുന്നത്. ആദ്യ കാലത്ത് ബിയറുകള്‍ക്ക് സ്വാദു നല്‍കാനായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്. പിന്നീട് മരുന്ന് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു തുടങ്ങി. ബ്രിട്ടന്‍, ജര്‍മന്‍ അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നേരത്തെ ഹിമാചലില്‍ കൃഷി ചെയ്തിരുന്നെങ്കിലും വിപണം സാധ്യമാകാത്തതിനെ തുടര്‍ന്ന് നിലച്ചു പോയെന്നും അമേരഷ് പറയുന്നു.