Sorry, you need to enable JavaScript to visit this website.

ചിലർ രാജ്യം വിടാന്‍ പറയുന്നു, കോണ്‍ഗ്രസ് അങ്ങനെയല്ല; കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് നടി ഷക്കീല

പുതിയ നിയമങ്ങളെക്കുറിച്ചും ചില പ്രത്യേക വിഭാഗങ്ങളോട് ചിലർ മറ്റു രാജ്യങ്ങളിലേക്കു പോകാൻ ആവശ്യപ്പെടുന്നതുമൊക്കെ എല്ലാവർക്കും അറിയാമല്ലോയെന്ന് കോണ്‍ഗ്രസില്‍ ചേർന്ന തീരുമാനത്തെ ന്യായീകരിച്ച് നടി ഷക്കീല.

പിതാവ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവാഹർലാൽ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രീയത്തിനുനൽകിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ, ചെറുപ്പത്തിൽതന്നെ കോൺഗ്രസിനോടു മനസ്സിൽ ഒരിഷ്ടമുണ്ട്.  മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണു കോൺഗ്രസിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഗുണം. പിന്നെ, പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസിൽനിന്നു ക്ഷണം കിട്ടിയപ്പോൾ അതു സ്വീകരിച്ചു- അവർ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തമിഴ്നാട് കോൺഗ്രസില്‍ മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറി പദവിയാണു ഷക്കീല ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയത്തിൽ വരാനുള്ള താൽപര്യത്തെക്കുറിച്ച് കുറേ നാളായി ഞാൻ പറയാറുണ്ട്. സാമൂഹിക സേവനത്തിനുള്ള വഴിയായാണു രാഷ്ട്രീയത്തെ കാണുന്നത്. മകൾ മില്ലയോടാണു രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെന്ന കാര്യം ആദ്യം പറഞ്ഞത്. അവൾ പൂർണ പിന്തുണ നൽകി. അതോടെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഷക്കീല ദത്തെടുത്ത മില്ല ഫാഷൻ ഡിസൈനറും ട്രാൻസ്‌ജെൻഡറുമാണ്.

പല രീതിയിൽ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെന്നും  നടിയെന്ന വിലാസം മാത്രമാകുമ്പോൾ സമൂഹം നമ്മുടെ ശബ്ദത്തിനു അത്ര പ്രാധാന്യം കൽപിക്കില്ലെന്നും സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണു രാഷ്ട്രീയത്തെ കാണുന്നതെന്നും ഷക്കീല പറഞ്ഞു. 

ഒരു പദവിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്കു വന്നത്. എനിക്കു ചുറ്റുമുള്ള ചില മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇപ്പോൾ തന്നെ ഇടപെടുന്നുണ്ട്. അതു കൂടുതൽ വിപുലമാക്കാനുള്ള അവസരമായാണു പുതിയ ദൗത്യത്തെ കാണുന്നത്- അവർ കൂട്ടിച്ചേർത്തു.

Latest News