Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിലെ കുറുക്കുവഴികൾ

രണ്ട് പതിറ്റാണ്ട് മുമ്പ് മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം വാർത്തയായിരുന്നു ബൂത്തറ പിടിത്തം. ഗുണ്ടാ നേതാക്കളായ സ്ഥാനാർഥികൾ, ഇതിൽ എല്ലാ പാർട്ടിക്കാരും പെടും, ബൂത്ത് പിടിച്ചും കള്ളവോട്ട് ചെയ്തും തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുന്നതായുള്ള വാർത്ത എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാവാറുണ്ടായിരുന്നു. 
ഇത്തരം സ്ഥാനാർഥികളുടെ സായുധ ഗുണ്ടാ സംഘങ്ങൾ വോട്ടെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകൾ കൈയേറി, വോട്ടർമാരെ ആട്ടിപ്പായിച്ചും ഉദ്യോഗസ്ഥരെ തോക്കിൻ മുനയിൽ നിർത്തിയും ബാലറ്റ് പേപ്പറുകൾ പിടിച്ചെടുത്ത് തങ്ങളുടെ നേതാവിന്റെ ചിഹ്നത്തിൽ വോട്ട് ചെയ്ത് ബാലറ്റ് പെട്ടികളിൽ നിക്ഷേപിക്കുന്നു. പരാതികൾ ഉയരുമ്പോൾ ചില സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വോട്ടെടുപ്പ് നടത്തുമെങ്കിലും അക്രമം തടയുന്ന കാര്യത്തിൽ പലപ്പോഴും പരാജയപ്പെടുകയായിരുന്നു. ഉത്തർ പ്രദേശിലും ബിഹാറിലും ബംഗാളിലുമെല്ലാം ഇത്തരത്തിലുള്ള ബൂത്ത് പിടിത്തവും അട്ടിമറി ശ്രമങ്ങളും അക്രമങ്ങളുമില്ലാതെ ഒരു തെരഞ്ഞടുപ്പും കടന്നുപോയിട്ടില്ല. പിന്നീട് ബാലറ്റ് പേപ്പറുകളുടെ സ്ഥാനത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇടം പിടിക്കുകയും പോളിംഗ് ബൂത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും കൂടുതൽ സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടായത്. എങ്കിലും ഇപ്പോഴും പൂർണമായും ഇല്ലാതായിട്ടില്ല.


വോട്ടെടുപ്പിന് സാങ്കേതികവിദ്യ വ്യാപകമാക്കിയതോടെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരും പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നുവെന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടുന്നുവെന്നതാണ് ഏറ്റവും വ്യാപകമായി ഉയർന്നിട്ടുള്ള ആക്ഷേപം. 
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും. ഇലക്‌ട്രോണിക് മെഷീൻ ആയതുകൊണ്ടു തന്നെ മുൻകൂട്ടി പ്രോഗ്രാം ചെയ്താൽ ഇ.വി.എമ്മിൽ തട്ടിപ്പ് നടത്താൻ കഴിയുമെന്ന് ഈ രംഗത്ത് സാങ്കേതിക പരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നുണ്ട്. ഓരോ മെഷീനിലും ഒരു നിശ്ചിത സ്ഥാനാർഥിക്ക് പോൾ ചെയ്യുന്ന നിശ്ചിത ശതമാനം വോട്ടുകൾ കിട്ടുന്ന വിധത്തിൽ മുൻകൂട്ടി ക്രമീകരിക്കാനാവുമെന്നു തന്നെയാണ് പല ഐ.ടി വിദഗ്ധരും പറയുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വാദത്തെ പൂർണമായും നിരാകരിക്കുകയാണ്. ഇത്തരമൊരു ആരോപണം ഉയർന്ന സമയത്ത് ഇ.വി.എമ്മുകളുടെ വിശ്വാസ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തു വന്നിരുന്നു. ഇ.വി.എമ്മുകളിൽ എങ്ങനെ കൃത്രിമം നടത്തുമെന്ന് തെളിയിക്കാൻ കമ്മീഷൻ രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിക്കുകയും അതിനായി പ്രത്യേക ഡെമോൺട്രേഷൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആരോപണമുന്നയിച്ച ഒരു പാർട്ടിക്കും ആ യോഗത്തിൽ അക്കാര്യം വിശ്വാസയോഗ്യമായി തെളിയിക്കാനായില്ല. എന്നാൽ ഡെമോൺസ്‌ട്രേഷന് കൊണ്ടുവന്നത് കൃത്രിമം നടന്നിട്ടില്ലാത്ത വോട്ടിംഗ് മെഷീനുകളായിരുന്നുവെന്നും തങ്ങളുടെ വാദം തെളിയിക്കാൻ കഴിയുംവിധം അവ തങ്ങളുടെ കൈവശം നൽകിയില്ലെന്നുമാണ് ആം ആദ്മി പാർട്ടി പോലുള്ള കക്ഷികൾ പറഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുമ്പോഴും ഇ.വി.എമ്മുകളിൽ കൃത്രിമമുണ്ടെന്ന് സംശയിക്കാൻ ഇടവരുത്തുന്ന സംഭവങ്ങൾ ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലെ ചില ബൂത്തുകളിൽ വോട്ടർമാർ അമർത്തുന്ന ചിഹ്നത്തിനു പകരം മറ്റു സ്ഥാനാർഥിയുടെ ചിഹ്നത്തിനടുത്തുള്ള ലൈറ്റ് കത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇങ്ങനെ മാറി കത്തുന്നത് ബി.ജെ.പിയുടെ താമര ചിഹ്നത്തിനടുത്തുള്ള ലൈറ്റ് ആണെന്നതുകൊണ്ടു തന്നെ സ്വാഭാവമായും അട്ടിമറി സംശയമുയർന്നു. എന്നാൽ അതൊക്കെ ചില മെഷീനുകളുടെ സാങ്കേതിക തകരാറ് മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. മാത്രമല്ല കൂടുതൽ സാങ്കേതിക തികവുള്ള വി.വി.പാറ്റ് മെഷീനുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. അപ്പോഴും ജങ്ങളുടെ സംശയം മാറുന്നില്ല. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനും ഭരണം പിടിക്കാനും ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്നതിനാൽ.


കേരളത്തിലും ബൂത്ത് പിടിത്തവും കള്ളവോട്ടുകളും അസാധാരണല്ല. സി.പി.എം ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ആരോപണമുയരാറുണ്ട്. എതിർ സ്ഥാനാർഥികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തിലിരിക്കാൻ പോലും അനുവദിക്കാതെയാണ് സി.പി.എം അവിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടത്തുന്നത്.
ഇതിന് ഇടതുപക്ഷക്കാരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുമെന്നതും രഹസ്യമല്ല. എതിർക്കാൻ നോക്കുന്ന ഉദ്യോഗസ്ഥരെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടെ ഒരു ബൂത്തിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച ഒരു ഉദ്യോഗസ്ഥന്റെ കാല് വെട്ടുമെന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവും എം.എൽ.എയുമായ കെ. കുഞ്ഞിരാമാൻ ഭീഷണിപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇടത് അനുയായി ആയ ആ ഉദ്യോഗസ്ഥനെ പിന്നീട് അനുനയിപ്പിക്കാനും പരാതി പിൻവലിപ്പിക്കാനും സി.പി.എം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.


ഇതിന്റയൊക്കെ തുടർച്ചയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നിരിക്കുന്ന ഇരട്ട വോട്ട് വിവാദം. ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകളുടെ കൃത്യമായ കണക്കുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രശ്‌നം സജീവമാക്കിയത്. കണ്ണൂരിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും വ്യാപകമായി ഇരട്ട വോട്ടുകൾ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. അയ്യായിരത്തിലേറെ ഇരട്ട വോട്ടുകളുള്ള മണ്ഡലങ്ങൾ വരെയുണ്ട്. സംസ്ഥാനത്ത് മൊത്തത്തിൽ പത്ത് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്നും ഇവയെല്ലാം സി.പി.എം അനുഭാവികളായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോധപൂർവം ചേർത്തതാണെന്നും അദ്ദേഹം പറയുന്നു. ഇരട്ട വോട്ടുകളുണ്ടെന്ന് സമ്മതിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പക്ഷേ അവയുടെ എണ്ണം 38,000 മാത്രമാണെന്ന് പറയുന്നു. ഇതോടെ താൻ ശേഖരിച്ച ഇരട്ട വോട്ടുകളുടെ കൃത്യമായ വിവരം പുറത്തു വിടുമെന്ന് പറഞ്ഞിരിക്കുകയാണ് ചെന്നിത്തല. വിഷയം കോടതിയും ഗൗരവത്തിൽ തന്നെയാണെടുത്തിരിക്കുന്നത്.


ഒരേ പേരിലും ഫോട്ടോയിലും ഒരാൾക്ക് പല സ്ഥലങ്ങളിൽ പല വിലാസങ്ങളിൽ വോട്ടർ പട്ടികയിൽ പേരുണ്ടാവുമ്പോഴാണ് ഇരട്ട വോട്ട് ആവുന്നത്. ചിലർക്ക് രണ്ടും അതിലധികവും സ്ഥലങ്ങളിൽ ഇത്തരത്തിൽ വോട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാസർകോട് സ്വദേശിനി കുമാരി എന്ന വനിതക്ക് അഞ്ച് സ്ഥലങ്ങളിലാണ് വോട്ട്. പലപ്പോഴും ഇരട്ട വോട്ടിന്റെ യഥാർഥ ഉടമ അറിയണമെന്നില്ല തനിക്ക് മറ്റു സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന്. അവരുടെ ഫോട്ടോ ഉപയോഗിച്ച് മറ്റുള്ളവർ ആസൂത്രിമായി പേര് ചേർക്കുന്നതാവും. കേരളത്തിൽ ഇത്തരം കാര്യങ്ങൾ ഏറ്റവും കൃത്യമായും ആസൂത്രിതമായും ചെയ്യുന്നത് സി.പി.എം ആണെന്ന കാര്യത്തിൽ തർക്കമില്ല. അങ്ങനെ കൃത്രിമം നടത്തുന്നവർ പോളിംഗ് ദിവസം ആ കള്ളവോട്ടുകളെല്ലാം ചെയ്യുകയും ചെയ്യും.
അയ്യായിരത്തിലേറെ ഇരട്ട വോട്ടുകൾ ഒരു മണ്ഡലത്തിൽ ഉണ്ടെങ്കിൽ കേരളത്തിലെ പകുതിയിലേറെ അസംബ്ലി മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനാവും. അതായത് സംസ്ഥാനത്തിന്റെ മൊത്തം തെരഞ്ഞെടുപ്പ് ഫലം തന്നെ അട്ടിമറിക്കാനാവുമെന്ന് ചുരുക്കം. അത്ര നേർത്തതാണ് ഇത്രയും മണ്ഡലങ്ങളിൽ ജയിക്കുന്ന സ്ഥാനാർഥികളടെ ഭൂരിപക്ഷം. പത്ത് ലക്ഷം ഇരട്ട വോട്ടുകൾ ചേർത്ത് ഒരു സംസ്ഥാന ഭരണം പിടിക്കാനാവുമെങ്കിൽ അതിലും വലിയ ജനാധിപത്യ അട്ടിമറി വേറെ ഏതുണ്ട്?


ഇരട്ട വോട്ടുകളെയും കള്ളവോട്ടുകളെയും സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികൾ തള്ളിപ്പറയുകയാണ് വേണ്ടത്. എന്നാൽ ചെന്നിത്തലയുടെ ആരോപണത്തെ പുഛിച്ചുതള്ളുകയാണ് സി.പി.എം. മാത്രമല്ല, കോൺഗ്രസാണ് വ്യാപകമായി ഇരട്ട വോട്ട് ചേർത്തിരിക്കുന്നതെന്നും ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്നും അവർ തിരിച്ചടിക്കുന്നു. രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും ചെന്നിത്തല പഞ്ചായത്തിലും വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ താൻ ഹരിപ്പാട്ടേക്ക് താമസം മാറിയപ്പോൾ കുടുംബത്തിൽ എല്ലാ പേരുടെയും വോട്ടുകൾ മാറ്റിയതാണെന്നാണ് ചെന്നിത്തല നൽകുന്ന വിശദീകരണം. അമ്മയുടെ പേര് മാത്രം രണ്ടിടത്തും വന്നത് സാങ്കേതിക പിഴവല്ല, സി.പി.എമ്മുകാരായ ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്നും അദ്ദേഹം പറയുന്നു.


ഒരാൾ താമസം മാറുമ്പോൾ അയാളുടെ പേര് രണ്ട് സ്ഥലങ്ങളിലും വരുന്നത് സംഭവിക്കാവുന്ന കാര്യമാണ്. അത്തരക്കാർ ഏതെങ്കിലും ഒരിടത്തേ വോട്ട് ചെയ്യാൻ പാടുള്ളു എന്നു മാത്രം. എന്നാൽ ബോധപൂർവം ഒരാളുടെ പേരിൽ പല സ്ഥലങ്ങളിൽ വോട്ടുണ്ടാവുകയും അതെല്ലാം പോൾ ചെയ്യപ്പെടുകയും ചെയ്താൽ അത് ബോധപൂർമായ തെരഞ്ഞെടുപ്പ് അട്ടിമറിയാണ്. അത്തരം ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞാൽ തെരഞ്ഞെടുപ്പ് ഫലം തന്നെ മാറും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റങ്ങലിൽ അടൂർ പ്രകാശ് ജയിച്ചത്, ആയിരക്കണക്കിന് ഇരട്ട വോട്ടുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തതുകൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നു.


ഏതായാലും നിഷ്പക്ഷമായും നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും രാജ്യത്തെ കോടതികളുടെയും ഉത്തരവാദിത്തമാണ്. കള്ളവോട്ടായാലും ഇ.വി.എം കൃത്രിമമായാലും, മറ്റേതെങ്കിലും തട്ടിപ്പാണെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാവുന്നില്ലെന്ന് അവർ ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ അർഥശൂന്യമാവും.
 

Latest News