ഇസ്ലാമാബാദ്- ഉഭയകക്ഷി ബന്ധത്തിലെ കൈപ്പേറിയ അനുഭവങ്ങള്‍ മറന്ന് പാക്കിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ മധുരം നുണയാന്‍ ഒരുങ്ങുന്നു. ഇരു നാട്ടുകാരും സൗഹൃദ ബന്ധം പുനസ്ഥാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും പരസ്പരം കത്തിടപാടുകള്‍ നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ത്യയില്‍ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണിപ്പോള്‍ പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി രണ്ടു വര്‍ഷം മുമ്പാണ് പാക്കിസ്ഥാന്‍ വിലക്കിയത്.
സ്വകാര്യ വ്യവസായികള്‍ക്ക് അഞ്ച് ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് പാക്കിസ്ഥാന്റെ ഇക്കണൊമിക് കോര്‍ഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനില്‍ പഞ്ചസാര വില കുതിച്ചുയരുന്നത് തടയാനും പരുത്തിക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുമെന്ന് പാക് ധനമന്ത്രി ഹമ്മാദ് അസ്ഹര്‍ പറഞ്ഞു. റമദാന് മുന്നോടി ആയാണ് പുതിയ നീക്കം. അയല്‍രാജ്യമായ ഇന്ത്യയില്‍ പഞ്ചസാരയ്ക്ക് വില വളരെ കുറവാണ്. ഇതു കണക്കിലെടുത്താണ് അവിടെ നിന്ന് ഇറക്കുമതിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സ്റ്റൈല്‍ രംഗത്ത് പാക്കിസ്ഥാന്റെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ഈ ഡിമാന്‍ഡ് അനുസരിച്ചുള്ള പരുത്തി രാജ്യത്ത് ലഭ്യമല്ല. കഴിഞ്ഞ വര്‍ഷത്തെ വിളവ് മോശമായിരുന്നു. ലോകത്ത് എല്ലായിടത്തു നിന്നും പരുത്തി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഇന്ത്യയില്‍ നിന്ന് അനുമതി ഉണ്ടായിരുന്നില്ല. ഇതിന്റെ നേരിട്ടുള്ള ആഘാതം ചെറുകിട വ്യവസായ രംഗത്തുണ്ടായതായും മന്ത്രി പറഞ്ഞു.
അതേസമയം ഇതു സംബന്ധിച്ച ഇന്ത്യയുടെ പ്രതികരണം വന്നിട്ടില്ല. ലോകത്തെ ഏറ്റവും വലിയ പരുത്തി ഉല്‍പാദകരാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യവും. 2019 വരെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരുത്തി വാങ്ങിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു പാകിസ്ഥാന്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് നേരിട്ടുള്ള വ്യാപാരത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്യമായി നടക്കുന്ന മൂന്നാമതൊരു രാജ്യം മുഖേനയുള്ള പരോക്ഷ വ്യാപാരമാണ്. ഇത് നേരിട്ടുള്ള വ്യാപരത്തിലേറെ വരും. ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരം ശരാശരി 2.1-2.5 ശതകോടി ഡോളറിന്റേതാണിപ്പോള്‍. വ്യാപാര നിയന്ത്രണങ്ങളെല്ലാം നീക്കിയാല്‍ ഇത് 11 മുതല്‍ 20 ശതകോടി ഡോളര്‍ വരെ ആയി ഉയരുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.