കൊച്ചി- മട്ടന്നൂർ കോളേജിൽ പഠിക്കുന്ന സമയത്ത് താൻ ആർ.എസ്.എസ് ശാഖയിൽ പോയിരുന്നുവെന്ന വി. പ്രഭാകരന്റെ പ്രസ്താവന തള്ളി നടൻ ശ്രീനിവാസൻ രംഗത്ത്. 'അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം' എന്ന പുസ്തകത്തിലാണ് വി പ്രഭാകരൻ ശ്രീനിവാസൻ ശാഖയിൽ പോയിരുന്നുവെന്ന് എഴുതിയത്.
എന്നാൽ മട്ടന്നൂർ കോളേജിൽ പഠിക്കുമ്പോൾ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ശീനിവാസൻ വ്യക്തമാക്കി.
'അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു. കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമായിരുന്നു. ഇഷ്ടമുള്ള ആളുകൾ കെ.എസ്.യുവിൽ ഉണ്ടായിരുന്നു. അപ്പോൾ അവരോടൊപ്പം കെ.എസ്.യുക്കാരനായി. അതുപോലെ എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളിലും പോയി', ശ്രീനിവാസൻ പറഞ്ഞു.