ന്യൂദൽഹി- ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് നാലു ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പി.പി.എഫ്) പലിശ നിരക്ക് 7.1 ശതമാനത്തിൽനിന്ന് 6.4 ശതമാനമായും കുറച്ചു. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ(എൻ.എസ്.എസി) പലിശനിരക്ക് ഏപ്രിൽ ഒന്നു മുതൽ 5.9 ശതമാനമായിരിക്കും. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 6.9 ശതമാനമാകും. കിസാൻ വികാസ് പത്രിയുടെ പലിശ 6.2 ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായി കുറച്ചു.