ചെന്നൈ- മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനും ലോക്സഭാ എംപിയുമായ കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധി ചിദംബരം നൃത്തം ചെയ്യുന്ന വീഡിയോ തങ്ങളുടെ പ്രചാരണപരമായ ആവശ്യത്തിനുപയോഗിച്ച് തമിഴ്നാട് ബിജെപി ഘടകം വെട്ടിലായ. 'താമര വിരിയും' എന്ന കുറിപ്പോടെ ട്വിറ്റർ പേജിലാണ് ശ്രീനിധി നൃത്തം ചെയ്യുന്ന വീഡിയോ ബിജെപി പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ഇതു ചർച്ചയായതോടെ ഇതിനെതിരെ ശ്രീനിധി തന്നെ രംഗത്തെത്തി. ബിജെപിയുടെ പ്രചാരണത്തിന് തന്റെ വീഡിയോ ഉപയോഗിച്ചത് പരിഹാസ്യമാണെന്ന് അവർ കുറിച്ചു. തമിഴ്നാട്ടിൽ ഒരുകാലത്തും താമര വിരിയില്ലെന്നും അവർ ട്വീറ്റിലൂടെ മറുപടി നൽകി.
അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ വരികളുടെ നൃത്താവിഷ്കാരമാണ് ശ്രീനിധി ചിദംബരം ചെയ്തിരുന്നത്. കരുണാനിധിയും ശ്രീനിധി ചിദംബരവുമെല്ലാം കടുത്ത ബിജെപി വിരോധികളായിരിക്കെ അവരുടെ വീഡിയോ പ്രചാരണത്തിനുപയോഗിക്കുന്നത് പാർട്ടിയുടെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ഒരു കലാകാരിയുടെ വീഡിയോ അവരുടെ സമ്മതം ആരായാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന അടിസ്ഥാനപരമായ മാന്യത ബിജെപി കാണിച്ചില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. 'സമ്മതി' എന്ന വാക്കിന്റെ അർത്ഥം ബിജെപിക്ക് ഒരുകാലത്തും മനസ്സിലാകില്ലെന്നും അവരുടെ നുണപ്രചാരണത്തിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. വിവാദം കത്തിയതോടെ ബിജെപി ട്വീറ്റ് ഡിലീറ്റ് ചെയ്തു.