Sorry, you need to enable JavaScript to visit this website.

പുരുഷനൊപ്പം എത്താൻ സ്ത്രീ കാത്തിരിക്കേണ്ടത് 135 വർഷം! കോവിഡ് ലിംഗ അസമത്വം വർധിപ്പിച്ചെന്ന്

ദാവോസ്- കോവിഡ് മഹാമാരി ലോകത്ത് ലിംഗപരമായ സന്തുലനാവസ്ഥയെ പിന്നോട്ടടിച്ചെന്ന് റിപ്പോർട്ട്. ഒരു തലമുറ കാലയളവാണ് പിന്നാക്കം പോയിരിക്കുന്നത്. പുരുഷന്മാരുമായി തുല്യതയിലെത്താൻ സ്ത്രീകൾ കാത്തിരിക്കേണ്ട കാലയളവ് 135.6 വർഷമായി വർധിച്ചു. 2020ൽ ഇത് 99.5 വർഷമായിരുന്നു. വേൾഡ് ഇക്കണോമിക് ഫോറമാണ് ഈ വളർച്ചാപരമായ പ്രശ്നം ചൂണ്ടിക്കാണിക്കുന്ന ഗ്ലോബൽ ജൻഡർ ഗ്യാപ്പ് ഇൻഡ്ക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷന്മാരുമായി എല്ലാ മേഖലയിലും സമഗ്രമായ തുല്യത കൈവരിക്കാൻ സ്ത്രീകൾ ഇനിയും 135.6 കൊല്ലം അധ്വാനിക്കേണ്ടി വരും. ഇതിൽ അവസരതുല്യത, വിദ്യാഭ്യാസപരമായ തുല്യത, ആരോഗ്യപരമായ തുല്യത, എന്നിവയ്ക്കൊപ്പം രാഷ്ട്രീയ ശാക്തീകരണപരമായ തുല്യതയും ഉൾപ്പെടുന്നു.

എന്നിരിക്കിലും ഇതൊരു അശുഭവാർത്തയായി കാണേണ്ടതില്ലെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ നമ്മുടെയെല്ലാം ജീവിത കാലയളവിൽ തന്നെ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയ രംഗത്തെ സ്ത്രീപുരുഷ വിടവ് നികത്തപ്പെടാൻ 145.5 വർഷം ഇനിയുമെടുക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് തയ്യാറാക്കിയവർ പഠനവിധേയമാക്കിയ 156 രാഷ്ട്രങ്ങളിൽ വെറും 26.1 ശതമാനം പാർലമെന്ററി സീറ്റുകളിലാണ് സ്ത്രീകൾ ഉള്ളത്. മന്ത്രിതലങ്ങളിൽ എത്തിയത് 22.6 ശതമാനം സ്ത്രീകളാണ്. 81 രാഷ്ട്രങ്ങളിൽ ഇതുവരെയും ഒരു വനിതാ നേതാവ് പോലും പരമോന്നത പദവിയിൽ എത്തിയിട്ടില്ല.
 

Latest News