കണ്ണൂര്‍- മുങ്ങാന്‍ പോകുന്ന കപ്പലിന്റെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് ക്യാപ്റ്റന്‍ പദവി നല്‍കിയത് ജനങ്ങളല്ല, പി.ആര്‍.എജന്‍സികളാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ തിലാന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുങ്ങുന്ന കപ്പലില്‍നിന്നു ഏത് നിമിഷവും ചാടാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് പിണറായി. ജനങ്ങളെ മുഴുവന്‍ മുക്കാന്‍ ശ്രമിക്കുകയാണ് ഈ ക്യാപ്റ്റന്‍. പിണറായിയെ ക്യാപ്റ്റനാക്കാന്‍ പി.ആര്‍. ഏജന്‍സിക്കും അദ്ദേഹത്തിന്റെ യാത്രകള്‍ക്കുമായി ചെലവഴിച്ചത് 120 കോടിയോളം രൂപയാണ്. ഈ പണം എവിടെ നിന്നുണ്ടായി? മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി സമ്പൂര്‍ണ പരാജയമാണ്- മുല്ലപ്പള്ളി പറഞ്ഞു.
പി. ജയരാജനെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ എടുത്തു കളഞ്ഞ പിണറായിയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കകത്ത് വലിയ അതൃപ്തിയുണ്ട്. അദ്ദേഹത്തിന്റെ അനുയായികളെല്ലാം കടുത്ത അമര്‍ഷത്തിലാണ്. ഇത് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കയാണ്. ഈ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇ.പി.ജയരാജന്റെ അവസ്ഥ എന്താണ്? അദ്ദേഹം എക്കാലവും പിണറായിക്കു പിന്നില്‍ മലപോലെ നിന്ന ആളാണ്. അദ്ദേഹത്തിന് ഇത്തവണ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തെയും ഒഴിവാക്കി. ഇതില്‍ മനംമടുത്താണ് ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സി.പി.എമ്മിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടെന്ന് പാര്‍ട്ടിയില്‍ തന്നെയുള്ള പലരും തന്നോട് വ്യക്തിപരമായി പങ്കുവെച്ചിട്ടുണ്ട്. അവരുടെ സുരക്ഷയും തന്റെ രാഷ്ട്രീയമര്യാദയും കണക്കിലെടുത്ത് ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല- മുല്ലപ്പള്ളി പറഞ്ഞു.