Sorry, you need to enable JavaScript to visit this website.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; പ്രതികളായ  മൂന്ന് പോലീസുകാരെ വെറുതെ വിട്ടു

അഹമ്മദാബാദ്- ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് പ്രതികളായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട് പ്രത്യേക സി.ബി.ഐ കോടതി. ഐ.പി.എസുകാരനായ ജി.എല്‍. സിംഘാള്‍, റിട്ട. ഓഫിസര്‍ തരുണ്‍ ബറോത്, മറ്റൊരു ഉദ്യോഗസ്ഥനായ അനജു ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. നേരത്തെ, കേസിലെ നാല് പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടിരുന്നു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് പ്രതികള്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ സി.ബി.ഐ എതിര്‍ത്തില്ല. നേരത്തെ നാല് ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കിയപ്പോഴും സി.ബി.ഐ എതിര്‍ത്തിരുന്നില്ല. കേസിലെ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട സാഹചര്യത്തില്‍ ഇനി സി.ബി.ഐ അപ്പീല്‍ നല്‍കിയാല്‍ മാത്രമേ കേസ് മുന്നോട്ടു പോകൂ. ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട നാലു പേരും തീവ്രവാദികളല്ല എന്ന് സമര്‍ഥിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. 2004 ജൂണ്‍ 15നാണ് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ്, ഇസ്രത് ജഹാന്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ അഹമ്മദാബാദിനടുത്ത കോതാര്‍പൂരില്‍ വെച്ച് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
 

Latest News