ചെന്നൈ- സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെക്കുറിച്ച് അവഹേളനപരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിഎംകെ നേതാവ് എ. രാജയ്ക്ക് നോട്ടീസ് അയച്ചു.
മാർച്ച് 26 ന് എ. രാജ നടത്തിയ പ്രസംഗത്തെ കുറിച്ച് തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ വഴി അണ്ണാ ഡി.എം.കെയുടെ പരാതി ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. രണ്ട് പ്രസംഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഡി.എം.കെയുടെ പ്രധാന പ്രചാരകന്‍ രാജയ്ക്ക് നേട്ടീസ് ലഭിച്ചിരിക്കുന്നത്. സ്റ്റാലിൻ നല്ല ബന്ധത്തില്‍ നന്നായി ജനിച്ച കുട്ടിയാണ്, അതേസമയം എടപ്പാടി പളനിസ്വാമി മോശം ബന്ധത്തില്‍ അകാലത്തിൽ ജനിച്ച കുട്ടിയാണ്- ഇതാണ് രാജ നടത്തിയ വിവാദ പരാമർശം. പറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിനെ കുറിച്ചാണെങ്കിലും ഇത് മാതൃത്വത്തെ അവഹേളിക്കുന്ന അശ്ലീല പരാമർശമാണെന്നാണ് ഡി.എം.കെയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും വാദം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ ശശികലയുടെ കാലുകൾ പിടിച്ചുവെന്നും നിങ്ങൾ എങ്ങനെ വന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും നിയമവിരുദ്ധമായ രീതിയിൽ അകാലത്തില്‍ ജനിച്ചയാളാണ് ഇപിഎസെന്നുമായിരുന്നു രണ്ടാമത്തെ പ്രസംഗം. അറിവും അന്തസ്സുമുള്ള നിങ്ങള്‍ മുഖ്യമന്ത്രി പദവിക്കുവേണ്ടിയാണ് സമ പ്രായത്തിലുള്ള അല്ലെങ്കിൽ ആറു മാസം ഇളയ ശശികലയുടെ കാലു പിടിച്ചതെന്നും രാജ ആരോപിച്ചു.
രാജയുടെ അവഹേളന പ്രസംഗം മാതൃത്വത്തിന്റെ അന്തസ്സ് കെടുത്തിയെന്നും അശ്ലീലമാണെന്നും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ഗുരുതരമായ ലംഘനമാണെന്നും വ്യക്തമാക്കി.