Sorry, you need to enable JavaScript to visit this website.

ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടില്ല, പിന്നെങ്ങനെ കേസെടുക്കും- സന്ദീപിന്റെ അഭിഭാഷക

കൊച്ചി- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ പോലീസിനു താന്‍ പരാതി നല്‍കിയിട്ടില്ലെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക അഡ്വ. പി.വി. വിജയം. കോടതിക്കു മാത്രമാണു സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണു സന്ദീപിന്റെ അഭിഭാഷക. താന്‍ നല്‍കാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം ചോദിച്ചു.
ജയില്‍ സൂപ്രണ്ടു വഴിയാണു സന്ദീപ് കോടതിക്കു അപേക്ഷ  നല്‍കിയത്. സന്ദീപ് കോടതിക്കു മാത്രമാണു പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയും. ഡി.ജി.പി്ക്കു സന്ദീപോ താനോ പരാതി നല്‍കിയിട്ടില്ല. താന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരേ കേസെടുത്തതെന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്നും പരാതിക്കാരന്‍ ഉണ്ടെങ്കില്‍ പുറത്തുവരട്ടെയെന്നും അവര്‍ പറഞ്ഞു. കസ്റ്റംസ് കേസില്‍ അടുത്തമാസം 14 നു സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കും.
നേരത്തേ, മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്നു ജില്ലാ ജഡ്ജിക്കു സന്ദീപ് നായര്‍ കത്തയച്ചിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേരു പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞു. എന്നാല്‍, താന്‍ സമ്മതിച്ചില്ല. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കോടതിയ്ക്ക് അയച്ച കത്തിലുണ്ട്. ഈ കത്ത് പരാതിയല്ല, അപേക്ഷയാണ്. തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.
സന്ദീപ് മാര്‍ച്ച് അഞ്ചിന് എറണാകുളം സി.ജെ.എമ്മിനാണു കത്തയച്ചത്. ഒന്നുകില്‍ ഇതു പരിശോധിച്ച് സി.ജെ.എം. തുടര്‍നടപടി നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ സന്ദീപിന്റെ അഭിഭാഷക പോലീസിനെ സമീപിക്കണം. ഇതു രണ്ടുമില്ലാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നു അഡ്വ. വിജയം പറയുന്നു.  സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിലാണു ഇ.ഡിക്കെതിരേ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.

 

 

 

Latest News