Sorry, you need to enable JavaScript to visit this website.

സെക്‌സ് സി.ഡി കേസില്‍ കാണാതായ യുവതി കോടതിയില്‍ ഹാജരായി

ബെംഗളുരു- രാജിവച്ച കര്‍ണാടക മന്ത്രി രമേശ് ജര്‍കിഹോളി ഉള്‍പ്പെട്ട സെക്‌സ് വിഡിയോ പുറത്തു വന്നതിനു പിന്നാലെ മാര്‍ച്ച് രണ്ടു മുതല്‍ കാണാതായ യുവതി ചൊവ്വാഴ്ച ബെംഗളുരു മെട്രൊപോളിറ്റന്‍ കോടതിയില്‍ നേരിട്ടെത്തി ഹാജരായി. ജോലിക്കു വേണ്ടി സെക്‌സിനു നിര്‍ബന്ധിച്ച കേസില്‍ യുവതി കോടതി മുമ്പാകെ മൊഴി നല്‍കി. നേരത്തെ ഇവര്‍ക്ക് മൊഴി നല്‍കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കുന്നതില്‍ തനിക്ക് വിശ്വാസക്കുറവുണ്ടെന്ന് യുവതി അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകാന്‍ യുവതി അനുമതി തേടുകയും ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ ഹാജരാകണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് പിന്നീട് മൊഴിയെടുക്കാമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം യുവതിയെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരു അടുഗോടിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടു പോയതായും റിപോര്‍ട്ടുണ്ട്.

ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞ യുവതി കോടതിയില്‍ നേരിട്ടെത്തുന്നതിനു മുന്നോടിയായ വന്‍ സുരക്ഷാ സന്നാഹമാണ് കോടതിയിലും പരിസരത്തും പോലീസ് ഒരുക്കിയിരുന്നത്. രണ്ടു ഡിസിപിമാരും അഞ്ച് എസിപിമാരും അടക്കം 100 പോലീസ് സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിരുന്നു. 

മാര്‍ച്ച് രണ്ടു മുതല്‍ കാണാതായ യുവതി ആദ്യമായാണ് പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ അഞ്ചു തവണ യുവതി അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേസിനെ കുറിച്ചുള്ള ആശങ്കകള്‍ സംബന്ധിച്ച് വിഡിയോ പ്രസ്താവനകള്‍ ഇറക്കിയിരുന്നു.
 

Latest News