അഹമ്മദാബാദ് - ഗുജറാത്ത് നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ബി.ബി സൈ്വൻ അറിയിച്ചു. അന്തിമ കണക്കുകൾ പുറത്തു വരുമ്പോൾ ശതമാനം ഇനിയും വർധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് അവസാനിച്ച വൈകുന്നേരം അഞ്ചു മണിക്കും നിരവധി പേരാണ് വോട്ടു ചെയ്യാനായി വരികളിൽ ശേഷിച്ചിരുന്നത്. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങളിലായി കനത്ത പോളിങ് നടന്നു.നവ്‌സാരി, മോർബി ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 75 ശതമാനം. ആദിവാസി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള തപി ജില്ലയിലും നല്ല പോളിങ് നടന്നു. സൗരാഷ്ട്രയിലെ പോർബന്ദർ ജില്ലയിലാണ് ഏറ്റവും കുറവ്.
ശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ അടുത്ത ഘട്ട വോട്ടെടുപ്പ് ഡിസംബർ 14നാണ്. ഫലം 18നും. പലസ്ഥലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ തകരാർ റിപ്പോർട്ട് ചെയ്തു. ബ്ലൂടൂത്ത് വഴി മൊബൈൽ ഫോണുമായി പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ കണക്ട്് ചെയ്തിരുന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. അതേസമയം ഈ ആരോപണം ഉദ്യോഗസ്ഥർ തള്ളി.
ഭറൂചിൽ ചില പോളിങ് ബൂത്തുകളിൽ തങ്ങൾ ചെയ്ത വോട്ടുകൾ മറ്റു സ്ഥാനാർത്ഥിക്കു രഖപ്പെടുത്തപ്പെട്ടുവെന്ന പരാതിയുമായി ഏതാനും വോട്ടർമാർ രംഗത്തെത്തി. ഇതു പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഈ ആരോപണം തെറ്റാണെന്നു കണ്ടെത്തിയാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി എടുക്കുമെന്നും ഭറൂച് ജില്ലാ കലക്ടർ അറിയിച്ചു.