Sorry, you need to enable JavaScript to visit this website.

കേരളത്തിലെ സ്ത്രീകളെ മൊത്തം അപമാനിച്ചു: സി.പി.എം നിലപാട് വ്യക്തമാക്കണമെന്നു ഉമ്മന്‍ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പടിഞ്ഞാറത്തറയില്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ-രാഹുല്‍ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിക്കുന്നവിധത്തിലുള്ള പരാമര്‍ശമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്നും
തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയ അദ്ദേഹം  പടിഞ്ഞാറത്തറയില്‍ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.


സ്ത്രീസമത്വം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവരുടെ ഭാഗത്തുനിന്നാണ് ഇത്തരത്തില്‍  അധിക്ഷേപം ഉണ്ടായത്. ഗുരുതര വിഷയമാണിത്. രാഷ്ട്രീയ മാന്യത പുലര്‍ത്താത്തതാണ് ഇത്തരം പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി ഇതിനെ  തള്ളിപ്പറയാത്തതു ദൗര്‍ഭാഗ്യകരമാണ്. രാഹുല്‍ഗാന്ധിയോട് രാഷ്ട്രീയമായി വിയോജിക്കുന്നതില്‍ തെറ്റില്ല. അത് മാന്യതയോടെയാകണം.


ഇരട്ടവോട്ടുകള്‍ മഹാഭൂരിപക്ഷവും കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയിലെ അപാകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ അത്തരം വോട്ടുകള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരിയായ വോട്ടുതന്നെയാണ് അടയാളപ്പെടുത്തുന്നത് എന്നതില്‍  ആശങ്കയുണ്ട്.
ചാനലുകള്‍ പുറത്തുവിടുന്ന സര്‍വേ ഫലങ്ങളെ സ്വാഗതം ചെയ്യുകയാണ്. സര്‍വേകള്‍ അണികളെ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാക്കി. സര്‍വേയ്ക്കു മുമ്പുള്ളതിന്റെ പത്തിരട്ടി ആവേശമാണ് ഒരോ സ്ഥലത്തും ഇപ്പോള്‍ കാണുന്നത്. സര്‍വേ മറയാക്കി യു.ഡി.എഫിനെ തളര്‍ത്താമെന്നു  ആരും കരുതേണ്ട.  പുതുമുഖങ്ങളടക്കം  മികച്ച സ്ഥാനാര്‍ഥികളെയാണ്   യു.ഡി.എഫ് അവതരിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് പ്രകടനപത്രിക എല്ലാ ജനവിഭാഗങ്ങളും സ്വാഗതം ചെയ്തു. ജനങ്ങളുടെ മനസറിഞ്ഞ് തയറാക്കിയതാണ് പ്രകടന പത്രിക.
ടി.പി.ചന്ദ്രശേഖരന്‍ വധം അന്നും ഇന്നും വി.എസ്.അച്യുതാനന്ദന്റെ മനസിനെ അലട്ടുന്ന വിഷയമാണന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നു വി.എസിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോടു ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയം ദല്‍ഹിയില്‍നിന്നും താന്‍ കോഴിക്കോട്ടെത്തുമ്പോള്‍ അവിടെ വി.എസുമുണ്ടായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് അദ്ദേഹംചന്ദ്രശേഖരന്റെ വീട്ടില്‍ പോയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍, എ.ഐ.സി.സി നിരീക്ഷക വെറോണിക്ക, നേതാക്കളായ പി.പി.ആലി, എം.എ.ജോസഫ്, എം.മുഹമ്മദ്ബഷീര്‍, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവയ്ക്കല്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.
 

Latest News