ശ്രീനഗർ- നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മകൻ ഉമർ അബ്ദുല്ലയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. പിതാവിന് കോവിഡ് -19 ന് സ്ഥിരീകരിച്ചുവെന്നും ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും പരിശോധന നടത്തേണ്ടതിനാല്‍ താനും കുടുംബത്തിലെ മറ്റുള്ളവരും സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്നും ഉമർ അബ്ദുല്ല അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുമായി ബന്ധപ്പെട്ടവർ നിർബന്ധിത മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
മാർച്ച് രണ്ടിന് ശ്രീനഗറിൽ ഫറൂഖ് അബ്ദുല്ലയ്ക്ക് കോവിഡ് -19 വാക്സിൻ നൽകിയിരുന്നു. ശ്രീനഗറിലെ ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആദ്യത്തെ ഡോസ് ലഭിച്ചപ്പോൾ ഡോ. ഫാറൂഖ് അബ്ദുല്ല ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
അതേസമയം, ജമ്മു കശ്മീരിലെ കോവിഡ് മരണസംഖ്യ 1,989 ആയി ഉയർന്നു. 309 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം കേസുകള്‍ 1,29,993 ആയി ഉയർന്നു. .
ശ്രീനഗർ ജില്ലയിലാണ് 35 യാത്രക്കാർ ഉൾപ്പെടെ 123 കേസുകൾ റിപ്പോർട്ട് ചെയ്തത്. ജമ്മു ജില്ലയിൽ 49 ഉം ബാരാമുല്ല ജില്ലയിൽ 46 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബുഡ്ഗാം, പുൽവാമ, കുപ്വാര എന്നിവയാണ് ഇരട്ട അക്കത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അധികൃതർ അറിയിച്ചു.