Sorry, you need to enable JavaScript to visit this website.

ഇന്ത്യ മ്യാന്മർ സൈന്യത്തോടൊപ്പം; പരേഡില്‍ പങ്കെടുത്തു, അഭയാർഥികളെ തിരിച്ചയക്കുന്നു

ന്യൂദല്‍ഹി- മ്യാന്മറില്‍ സൈനിക അട്ടിമറിക്കുശേഷം നടന്ന വാർഷിക സൈനിക പരേഡില്‍ പങ്കെടുത്ത എട്ടു രാജ്യങ്ങളില്‍ ഇന്ത്യയും. തലസ്ഥാനമായ നെയ്‌പിറ്റാവിൽ 27 നു നടന്ന വാർഷിക സൈനിക പരേഡിലാണ് ഇന്ത്യ പങ്കെടുത്തത്.

റഷ്യ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, തായ്‌ലൻഡ് എന്നിവയാണ് ഇന്ത്യക്കു പുറമെ,  പരേഡിലേക്ക് പ്രതിനിധികളെ അയച്ച മറ്റു രാജ്യങ്ങള്‍.  അട്ടിമറിയിലൂടെ ആംഗ് സാൻ സൂകി സർക്കാരിനെ പുറത്താക്കിയ സൈന്യം ജനാധിപത്യ ഭരണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർക്കുനേരെ കിരാതമായ ആക്രമണം തുടരുകയാണ്.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം തുടരുന്നതിനാൽ നയതന്ത്ര പ്രതിബദ്ധതയും തുടരുമെന്നാണ്  വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പ്രതികരണമെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.

പ്രതിഷേധക്കാർക്ക് നേരെ മ്യാൻമർ സൈന്യം നടത്തിയ അതിക്രമത്തില്‍ ഇതിനകം  അഞ്ഞൂറോളം പേർ മരിച്ചതായാണ് കണക്കാക്കുന്നത്. അയൽ പ്രദേശമായ ഇന്ത്യയിലെ മിസോറാമിലേക്ക് അഭയാർഥി പ്രവാഹത്തിനും ഇത് കാരണമായിട്ടുണ്ട്.

മ്യാന്മർ സൈന്യം അമിത ബലപ്രയോഗം നടത്തിയതിനെ ഒരു ഡസനോളം രാജ്യങ്ങളിലെ സൈനിക മേധാവികൾ അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് വാർഷിക പരേഡ് നടന്നത്. അന്താരാഷ്ട്ര സൈനിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അമേരിക്കയുടെ സംയുക്ത സേനാ മേധാവി ജനറൽ മാർക്ക് എ മില്ലെയും ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ഗ്രീസ്, ഇറ്റലി, ജപ്പാൻ, ഡെൻമാർക്ക് രാജ്യം, നെതർലാന്റ്സ്, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, യു.കെ എന്നിവിടങ്ങളിലെ   പ്രതിരോധ മേധാവികളും മ്യാന്മർ സൈനിക ജണ്ടയോട് ആവശ്യപ്പെട്ടിരുന്നു.

മ്യാന്മറിലെ അട്ടിമറിക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ ഇന്ത്യ തയാറായിട്ടില്ല.

മ്യാൻമറിലെ ജനാധിപത്യ പരിവർത്തന പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ എല്ലായ്പ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നുമായിരുന്നു ഇന്ത്യയുടെ പ്രസ്താവന.

മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർഥികളെ സഹായിക്കാൻ മിസോറാം സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടും, മ്യാൻമർ പൗരന്മാരുടെ വരവ് തടയാനും എത്തിയവരെ നാടുകടത്താനുമാണ്  കേന്ദ്ര സർക്കാർ നിർദേശം നല്‍കിയത്.

Latest News