മുംബൈ- അമിത് ഷാ- ശരദ്പവാര്‍ കൂടിക്കാഴ്ചയെക്കുറിച്ച വാര്‍ത്തകള്‍ തള്ളി ശിവസേന. മഹാരാഷ്ട്രയില്‍ തങ്ങളുമായി സഖ്യത്തില്‍ ഭരണത്തിലുള്ള പവാര്‍ പാലം വലിക്കുമോ എന്ന് ആശങ്ക ഉയര്‍ന്നെങ്കിലും ഇപ്പോള്‍ കൂടിക്കാഴ്ചയെക്കുറിച്ച റിപ്പോര്‍ട്ട് തള്ളുകയാണ് അവര്‍.
രണ്ട് പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ അസ്വാഭിവികമായി ഒന്നുമില്ല എന്ന നിലപാടാണ് ഇന്നലെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് സ്വീകരിച്ചത്. കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും പരസ്യമാക്കാനാവില്ലെന്നായിരുന്നു ഇതു സംബന്ധിച്ച അമിത് ഷായുടെ കമന്റ്.
കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് റാവത്ത് പറഞ്ഞു. രാഷ്ട്രീയ ഭാവനാവിലാസം മാത്രമാണത്. ഒരു ഗുജറാത്തി കോടീശ്വരന്റെ അഹമ്മദാബാദിലെ വീട്ടിലാണ് പവാര്‍- ഷാ കൂടിക്കാഴ്ച നടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്‍.സി.പി നേതാവ് കൂടിയായ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കോഴ വിവാദത്തില്‍പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യവും രാഷ്ട്രീയവൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.