കണ്ണൂർ- ബി.ജെ.പി ഉൾപ്പെടെ ഏത് പാർട്ടികളുടെ വോട്ടും സ്വീകരിക്കുമെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നസീർ. ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയാനാനാവില്ല. തലശ്ശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാത്തതിനാൽ വോട്ടും പിൻതുണയും ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരുന്നു. അവർ തീരുമാനം അറിയിക്കാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പിയുടെ മാത്രമല്ല, സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ട് വേണം. എല്ലാ വിഭാഗം ജനങ്ങളെയും കണ്ട് വോട്ട് തേടുന്നുണ്ട്. അക്രമത്തിനും വികസന മുരടിപ്പിനും എതിരെയാണ് തന്റെ സ്ഥാനാർഥിത്വം. ഭിന്നാഭിപ്രായം പറയുന്നവർ ആക്രമിക്കപ്പെടുന്നതിനെതിരെയും, വികസനമില്ലായ്മയ്ക്കും എതിരെയാണ് താൻ ശബ്ദമുയർത്തുന്നത്. ജനങ്ങൾ ഒന്നിച്ച് നിന്ന് ഭരിക്കുന്ന സാഹചര്യം വരണം -സി.ഒ.ടി നസീർ പറഞ്ഞു.
ഷംസീറിനെ തോൽപിക്കുക എന്നത് തന്റെ അജണ്ടയല്ല. വിജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. ഞാൻ നാമനിർദേശ പത്രിക സമർപ്പിക്കപ്പെട്ട സമയത്ത് ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർഥിയുണ്ടായിരുന്നു. അവർക്ക് സ്ഥാനാർഥിയില്ലാതായത് അത്ഭുതമാണ്. അതു പോലെ പല അത്ഭുതങ്ങളും സംഭവിക്കും. എല്ലാം കാണുന്ന ദൈവം മുകളിലുണ്ട് - -നസീർ പറഞ്ഞു. ബി.ജെ.പി വർഗീയ പാർട്ടിയാണെന്ന അഭിപ്രായത്തോട് ഇപ്പോഴും യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് എല്ലാവർക്കും അറിവുള്ളതാണല്ലോ എന്നായിരുന്നു നസീറിന്റെ മറുപടി. ബി.ജെ.പി പ്രവർത്തകർ തനിക്ക് വോട്ട് തരുമ്പോൾ അവരുടെ നയത്തെ ഞങ്ങൾ അല്ല, ഞങ്ങളുടെ നയത്തെ അവരാണ് പിൻതുണയ്ക്കുന്നത്.
തുടർ ഭരണത്തിന് പല ഉറപ്പുകളും നൽകുന്ന മുഖ്യമന്ത്രി, എനിക്ക് നേരെയുണ്ടായ ആക്രമണ വിഷയത്തിൽ സഭയിൽ നൽകിയ ഉറപ്പ് പാലിച്ചില്ല. ആക്രമണത്തിന് നേതൃത്വം നൽകിയ ഷംസീറിനെ പ്രതിയാക്കാൻ തെളിവില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്നും സി.ഒ.ടി.നസീർ പറഞ്ഞു. പ്രകടന പത്രികയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.