Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിയുന്നു

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പടെ കന്യാസ്ത്രീകളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിയുന്നു.  മാര്‍ച്ച് 19ന് നടന്ന ആക്രമണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവന.
കന്യാസ്ത്രീകള്‍ക്കെതിരേ ഉണ്ടായ അക്രമസംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ഝാന്‍സി റെയില്‍വേ പോലീസ് ഡി.എസ്.പി നയീം ഖാന്‍ മന്‍സൂരി പറഞ്ഞത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റെയില്‍വേ പോലീസ് പിന്നീട് വ്യക്തമാക്കി.
അതിനിടെയാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടേയില്ലെന്ന വാദവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തില്‍ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് അത്തരം ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, കന്യാസ്ത്രീകള്‍ക്ക് എതിരേ ആരാണ് പോലീസില്‍ പരാതി നല്‍കിയത് എന്ന ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കാന്‍ തയാറായില്ല. കന്യാസ്ത്രീകള്‍ക്ക് എതിരെ പരാതി നല്‍കിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് സംഘടന മീഡിയ കോര്‍ഡിനേറ്റര്‍ ദിക്ഷാന്ത് സൂര്യവംശി വ്യക്തമാക്കിയിരുന്നു.

    

 

Latest News