സേലം- രാജ്യത്ത് പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിന് നേതൃത്വം നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. സേലത്ത് ഡിഎംകെയും സഖ്യകക്ഷികളും നടത്തിയ റാലിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടത്. "എനിക്ക് രാഹുൽ ഗാന്ധിയോട് ഒരുപേക്ഷയുണ്ട്. ഇന്ത്യ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കൈകളിലമർന്നിരിക്കുകയാണ്. ഈ സമയത്ത് ഇന്ത്യയെ രക്ഷിക്കേണ്ട ചുമതല നിങ്ങൾക്കുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിലായാലും ലോക്സഭാ തെരഞ്ഞെടുപ്പിലായാലും ബിജെപിയുടെ മുന്നണിയെ തുടച്ചുനീക്കാനുള്ള പ്രാപ്തി മതേതരമുന്നണി തെളിയിച്ചിട്ടുണ്ട്. അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കും," സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തെ 37 ശതമാനം പേർ ബിജെപിയുടെ സഖ്യത്തെ അധികാരത്തിലെത്തിക്കുന്നതിനായി വോട്ടു ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ ഇതിന്റെ അർത്ഥം, ബാക്കി 63 ശതമാനം പേർ വിവിധ ബിജെപിയിതര കക്ഷികൾക്ക് വോട്ടു ചെയ്തെന്നു കൂടിയാണെന്ന് ഓർമിപ്പിച്ചു. സംയുക്ത മതേതര സഖ്യത്തിലൂടെ ബിജെപിയെ പുറത്തു നിർത്താൻ തമിഴ്നാട്ടിൽ സാധിക്കുന്നു. ഇന്ത്യയിൽ മറ്റെവിടെയും ഇത് സാധിച്ചിട്ടില്ല. രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങി ഇതിനുളേള നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് എംകെ സ്റ്റാലിനായിരുന്നു