ന്യൂദല്‍ഹി- ദേശീയ തലസ്ഥാനമായ ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി.
ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013-ല്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണർ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ നേരിടാനാകാതെ നിസ്സഹായത പ്രകടിപ്പിച്ചിരുന്ന അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.
ഇനിമുതല്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി.
ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് എ.എ.പി വ്യക്തമാക്കി. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.