ന്യൂദല്‍ഹി- ശനിയാഴ്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബി.ജെ.പി അനായാസം വിജയിക്കും. താഴെത്തട്ടില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 ഉം ബി.ജെ.പി വിജയിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. അസമിലെ 47 സീറ്റുകളില്‍ 37 ഉം വിജയിക്കാനും ബി.ജെ.പിക്ക് കഴിയും. പ്രധാനമന്ത്രി മോഡി വന്‍ വികസന പദ്ധതികളാണ് അസമില്‍ നടപ്പാക്കിയത്. ഇരട്ട എന്‍ജിനുള്ള സര്‍ക്കാരിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.
എന്നാല്‍ പശ്ചിമ ബംഗാളില്‍ കടുത്ത നിരാശയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. 27 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ മമത ബാനര്‍ജി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും മാത്രമാണ് മാറിയത്. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞു. കൊലപാതകങ്ങളോ, ബോംബേറോ, റീപോളിംഗോ ഉണ്ടായില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.