ജക്കാര്‍ത്ത- ഓശാന ഞായര്‍ ആഘോഷിക്കാന്‍ ഇന്തോനേഷ്യയിലെ മകാസറില്‍ കത്തോലിക്കാ പള്ളിയില്‍ ഒത്തുകൂടിയവര്‍ക്കുനേരെ ചാവേര്‍ ബോംബാക്രമണം. 20 പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ആതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. കുര്‍ബാന കഴിഞ്ഞയുടനെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
അക്രമികളെന്ന് കരുതുന്ന രണ്ടുപേരും ചിതറിത്തെറിച്ചു. ഭീകരാക്രണമാണിതെന്ന് ഇന്തോനേഷ്യ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചിന്റെ കോമ്പൗണ്ടിലേക്ക് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് തൊട്ടുമുന്‍പ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കില്‍ പള്ളി മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവച്ചിരുന്നു. കുര്‍ബാന തീര്‍ന്നയുടന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വില്‍ഹെമസ് തുലക് ഇന്തോനേഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പള്ളിയുടെ മുന്നില്‍ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
2002 ല്‍ ടൂറിസ്റ്റ് ദ്വീപായ ബാലിയിലാണ് ഇന്തോനേഷ്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണം നടന്നത്. വിദേശ വിനോദ സഞ്ചാരികളുള്‍പ്പടെ 202 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതിനുശേഷം തീവ്രവാദികളെ നേരിടുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് രാജ്യം കാഴ്ചവച്ചിരുന്നത്. എന്നാല്‍ അടുത്തിടെ വീണ്ടും ഭീകര പ്രവര്‍ത്തനങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ഭീകരര്‍ക്ക് കഴിയാതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഗേറ്റിന് മുന്നില്‍ ഇവരെ സുരക്ഷാ സൈനികര്‍ തടഞ്ഞതിനാല്‍ ഇവര്‍ പുറത്ത് സ്‌ഫോടനം നടത്തുകയായിരുന്നു.ശക്തമായ ബോംബിംഗില്‍ ചിതറിത്തെറിച്ച അവശിഷ്ടങ്ങളില്‍നിന്നാണ് മിക്കവര്‍ക്കും പരിക്കേറ്റത്. രണ്ട് ശക്തമായ ആക്രമണങ്ങളാണ് നടന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പരിക്കേറ്റ പലരും റോഡില്‍ തെറിച്ചുവീണു. രക്തത്തില്‍ കുളിച്ചാണ് പലരും കിടന്നിരുന്നതെന്ന് യോസി എന്ന ദൃക്‌സാക്ഷി പറഞ്ഞു. ശരീരഭാഗങ്ങളും പരിസരത്താകെ ചിതറിവീണു.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പ്രസിഡന്റ് ജോകോ വിദോദോ പറഞ്ഞു. ഭീകരത മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണ്. മതമൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇതിനെതിരെ എല്ലാവരും ഒന്നച്ചണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.