ന്യൂദല്‍ഹി- രാജ്യത്തെ ചില ബാങ്കുകളുടെ സേവനങ്ങളില്‍ വരുംദിവസങ്ങളില്‍ തടസ്സം നേരിട്ടേക്കും. വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) ലഭിക്കുന്നതടക്കമുള്ള ഓണ്‍ലൈന്‍ ഇടപാടുകളിലാണ് തടസ്സം നേരിടുക. റെഗുലേറ്ററി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ അവര്‍ക്ക് ഒടിപി ലഭിക്കില്ല. എസ്എംഎസ് സ്‌ക്രബ്ബിംഗ് പ്രക്രിയയില്‍ ഈ ബാങ്കുകളുടെ ഒടിപി സന്ദേശം നിരസിക്കപ്പെടുമെന്നതാണ് കാരണം. 2021 ഏപ്രില്‍ ഒന്ന് മുതല്‍ സ്‌ക്രബ്ബിംഗ് പ്രക്രിയ അനുസരിച്ച് സന്ദേശങ്ങള്‍ അയക്കുന്നത് പരാജയപ്പെടുകയാണെങ്കില്‍ അത് സിസ്റ്റത്തില്‍ നിന്ന് നിരസിക്കപ്പെടുമെന്ന് ട്രായ് അറിയിച്ചില്ല.
വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കാത്ത ബാങ്കുകളുടെ സേവനങ്ങളിലാണ് തടസ്സം അനുഭവപ്പെടുക. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി), ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവ ഇതില്‍ ഉള്‍പ്പെടും.
അനാവശ്യവും വഞ്ചനാപരവുമായ എസ്എംഎസ് സന്ദേശങ്ങള്‍ തടയുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നീക്കമാണ് ഇതിന് കാരണം. തുടര്‍ച്ചയായുള്ള വാണിജ്യ സന്ദേശങ്ങള്‍ തടയുന്നതിനുള്ള പ്രക്രിയകള്‍ ട്രായി ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ ഇനിമുതല്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ആ എസ്എംഎസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്കുകള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപയോക്താക്കള്‍ക്ക് ശരിയായ സന്ദേശം മാത്രം അയക്കുക, തട്ടിപ്പിന് ഇരയാകുന്നതില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയവയാണ് ട്രായ് നീക്കത്തിന്റെ ലക്ഷ്യം.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ട്രായിയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തിട്ടില്ല. ഈ ബാങ്കുകള്‍ ഉള്‍പ്പടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 40 സ്ഥാപനങ്ങളുടെ പട്ടിക ട്രായ് പുറത്തിറക്കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടും ഈ കമ്പനികള്‍ ബള്‍ക്ക് എസ്എംസ് നിയന്ത്രിക്കുന്നതിനായുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടില്ല.
.