ബംഗളൂരു- രാജി വെച്ച കർണാടക മന്ത്രി രമേശ് ജാർകിഹോളിയോടൊപ്പം സെക്സ് വീഡിയോയില്‍ കാണുന്ന യുവതിയുടെ കുടുംബാംഗങ്ങള്‍ പുതിയ ആരോപണവുമായി രംഗത്ത്.
സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.കെ. ശിവകുമാറാണ് തന്‍റെ സഹോദരിക്ക് പണം നല്‍കി വീഡിയോ നിർമിച്ചതെന്ന് യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ശിവകുമാറിന്‍റെ പങ്കിന് തന്‍റെ പക്കല്‍ തെളിവുണ്ടന്നും അദ്ദേഹം പറഞ്ഞു. സഹോദരിയെ ഉപയോഗിച്ച് ശിവകുമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ ക്ലിപ്പിനും അതു ചോർന്നതിനും പിന്നില്‍ ഒരു മഹാനായ നേതാവുണ്ടെന്ന് മുന്‍മന്ത്രി ജാർകിഹോളി നേരത്തെ സൂചിപ്പിച്ചിരുന്നു. ആദ്യമായാണ് ശിവകുമാറിന്‍റെ പേരു പുറത്തുവരുന്നത്. മഹാന്‍ നായകനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജാർകിഹോളി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അന്വേഷണം തുടരട്ടെയന്നും കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ശിവകുമാർ പറഞ്ഞു.
ചിലരുടെ സ്വാധീനത്തിനു വഴങ്ങിയാണ് തന്‍റെ കുടുംബാംഗങ്ങള്‍ സംസാരിക്കുന്നതെന്നും ഇതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ സാധിക്കാത്തതെന്നും യുവതി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. യുവതിയുടെ അഞ്ചാമത്തെ സന്ദേശമാണിത്.
തനിക്കെതിരെ നടന്ന അനീതി സംബന്ധിച്ച് ഒരു ജഡ് ജി മുമ്പാകെ മൊഴി നല്‍കുന്നതിന് അവസരമൊരുക്കണമെന്ന് യുവതി മുഖ്യമന്ത്രി യെദ്ദിയൂരപ്പ, ആഭ്യന്തര മന്ത്രി ബാസവരാജ ബൊമ്മൈ, പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ, കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.കെ ശിവകുമാർ എന്നിവരോട് ആവശ്യപ്പെട്ടു.