Sorry, you need to enable JavaScript to visit this website.

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ പോലീസ് വെടിവച്ചു കൊന്നു

ജയ്പൂര്‍- മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതക ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ രാജസ്ഥാനില്‍നിന്ന് വീണ്ടുമൊരു കൊലപാതക വാര്‍ത്ത. 22 കാരനായ താലിം ഖാന്‍ എന്ന മുസ്ലിം യുവാവിനെ പശു കള്ളക്കടത്ത് ആരോപിച്ച് പോലീസ് വെടിവെച്ചു കൊന്നു.
ആല്‍വാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലിലാണ് താലിം കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. താലിമിന്റെ അഞ്ച് സഹായികള്‍ക്കു വേണ്ടി തിരച്ചില്‍ നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

മിനി ട്രക്കില്‍ പശുക്കളെ കടത്തുന്നതിനിടെ പോലീസിന്റെ മൊബൈല്‍ പട്രോളിംഗ് സംഘത്തിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘത്തിനു നേരെ പോലീസ് വെടിവച്ചതെന്ന് ജില്ലാ പോലീസ് മേധാവി രാഹുല്‍ പ്രകാശ് പറഞ്ഞു. മിനി ട്രക്കിലെ ക്യാബിനില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന നിലയിലാണ് താലിമിന്റെ മൃതദേഹം ലഭിച്ചത്. തൊട്ടടുത്ത് നിന്ന് നാടന്‍ തോക്കും തിരയും കണ്ടെടുത്തതായും പോലീസ് പറയുന്നു.

അതിനിടെ കൊല്ലപ്പെട്ട താലിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സ്വീകരിക്കാന്‍ ബന്ധുക്കളും മിയോ സമുദായക്കാരും നിരസിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി പോലീസ് തലയൂരാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നാണ് നേരത്തെ പോലീസ് ഞങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് പറഞ്ഞത്. പോസ്റ്റ്‌മോര്‍്ട്ടം ചെയ്യാതെ താലിമിന്റെ ഭൗതികശരീരം ഞങ്ങള്‍ സ്വീകരിക്കില്ല- മിയോ സമുദായ നേതാവായ ഷേര്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലായതിനാല്‍ ശനിയാഴ്ചയും പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നാണ് സൂചന.

താലിമിന്റെ കൂടെയുണ്ടായിരുന്നവര്‍ ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കും വെടിയേറ്റിട്ടുണ്ട്.

സുപ്രീംകോടതിയുടേയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും സര്‍ക്കാരിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ഒ.പി ഗല്‍ഹോത്ര പറഞ്ഞു.
 

 

Latest News