ജിദ്ദ- കൊടുവള്ളി മണ്ഡലം കെ.എം.സി.സി കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി. കെ.എം.സി. സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ലത്തീഫ് കളരാന്തിരിക്ക് നൽകി പ്രകാശന കർമം നിർവഹിച്ചു. ഉസ്മാൻ എടത്തിലിന്റെ രചനയിൽ നസീബ് നിലമ്പൂർ ആലപിച്ച ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹനീഫ മുടിക്കോടാണ്.
മണ്ഡലം രൂപീകൃതമായ കാലം മുതൽ മുസ്ലിം ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫ് പ്രതിനിധികൾ മാത്രം വിജയം കണ്ടിരുന്ന കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കൊടുവള്ളി മണ്ഡലത്തിൽ ഇടക്കാലത്ത് മുസ്ലിം ലീഗിൽ നിന്നു പുറത്താക്കപ്പെട്ട ഏതാനും പേരെ മുൻനിർത്തി ഇടതു സ്വതന്ത്രർ വിജയം നേടിയിരുന്നെങ്കിലും, ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മറ്റു മഹാഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചടക്കിയത്. ഇടതു സർക്കാരിനെതിരെ പുറത്തുവന്ന എണ്ണമറ്റ അഴിമതി ആരോപണങ്ങളും പ്രവാസി വിരുദ്ധ നയങ്ങളും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ വഴി, ശക്തമായ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ സാധിച്ചതായി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തവണ സ്ഥാനാർഥി ആയി എത്തിയ ഡോ. എം.കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ നിന്നുള്ള മുഖ്യ പ്രവാസി കൂട്ടായ്മകളിൽ ഒന്നായ കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി.സി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ഒ.പി അബ്ദുൽസലാം, ജിദ്ദാ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കളരാന്തിരി തുടങ്ങിയവർ സംസാരിച്ചു.