കൊൽക്കൊത്ത- ബംഗാളിൽ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഓഡിയോ വിവാദം. തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ചില കാര്യങ്ങൾ ചെയ്യിക്കണമെന്ന് ബി.ജെ.പി നേതാവ് മുകുൾ റോയ്, മറ്റൊരു ബി.ജെ.പി നേതാവായ ശിശിർ ബജോറിയയോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്. ചില സംഗതികൾ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നാണ് മുകുൾ റോയി ആവശ്യപ്പെടുന്നത്. പോളിങ് ബുത്തുകളിൽ ഇരിക്കുന്ന ബൂത്ത് ഏജന്റുമാരെ നിയമിക്കുന്നതിൽ ചില നീക്കുപോക്കുകൾ വേണമെന്നാണ് മുകുൾ റോയിയുടെ ആവശ്യം. ബൂത്ത് ഏജന്റുമാരായി അതേ ബൂത്തിൽ വോട്ടുളള ആളെ നിയമിക്കാണമെന്ന നിയമത്തിനു പകരം ബംഗാളിൽ എവിടെയുമുളള ഒരാള ആ സ്ഥാനത്തേക്ക് നിയമിക്കാവുന്നതാണെന്ന നിയമം കമ്മീഷനെക്കൊണ്ട് പുറപ്പെടുവിക്കണമെന്നാണ് മുകൾ റോയി ആവശ്യപ്പെടുന്നത്. അങ്ങനെയല്ലെങ്കിൽ ബി.ജെ.പിക്ക് പലയിടത്തും ഏജന്റുമാരെ നിയമിക്കാനാവില്ലെന്നും മുകുൾ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇത്തരമൊരു ഉത്തരവ് കമ്മീഷൻ പാസ്സാക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംപി സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിലുള്ള തൃണമൂൽ പ്രതിനിധി സംഘം ശനിയാഴ്ച കമ്മീഷനെ കണ്ടിരുന്നു.