Sorry, you need to enable JavaScript to visit this website.

ഖുർആൻ ഹൃദയത്തോടും ബുദ്ധിയോടും  സംവദിക്കുന്നു -ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

തനിമ റിയാദ് സംഘടിപ്പിച്ച ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കളുടെ സംഗമം ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

റിയാദ് - മനുഷ്യന്റെ പ്രശ്‌നങ്ങളെയും വിമോചനത്തെയും സംബന്ധിച്ചു സംസാരിക്കുന്ന വിശുദ്ധ ഖുർആനിന് പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന സമകാലിക വായന ആവശ്യമാണെന്നും അത് ഹൃദയത്തോടും ബുദ്ധിയോടും സംവദിക്കുന്നുവെന്നും പണ്ഡിതനും വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. തനിമാ റിയാദ് സംഘടിപ്പിച്ച ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അനായാസകരവും കാവ്യാത്മകവുമായ ഭാഷ, നൂറ്റാണ്ടുകളെ അതിജീവിക്കാൻ ശേഷിയുള്ള കരുത്ത്, സർവോപരി മനുഷ്യന്റെ ഹൃദയത്തോടും ബുദ്ധിയോടും സംവദിക്കുന്ന സംഭാഷണം എന്നിവ ഖുർആന്റെ സവിശേഷതകളാണ്. പട്ടിണി, ദാരിദ്ര്യം, വംശീയവെറി തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും ഫാസിസ്റ്റ് മുതലാളിത്ത ഏകാധിപത്യ പ്രവണതകളും ചരിത്രത്തിന്റെ ആവർത്തനം മാത്രമാണ്. വിശ്വാസം കൊണ്ടും സൽക്കർമങ്ങൾ കൊണ്ടും നേരിട്ടതാണ് ഖുർആൻ നൽകുന്ന പാഠങ്ങൾ. അനായാസകരവും കാവ്യാത്മകവുമായ ഭാഷ, നൂറ്റാണ്ടുകളെ അതിജീവിക്കാൻ ശേഷിയുള്ള കരുത്ത്, സർവോപരി മനുഷ്യന്റെ ഹൃദയത്തോടും ബുദ്ധിയോടും സംവദിക്കുന്ന സംഭാഷണം എന്നതാണ് ഖുർആന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിതനും പ്രഭാഷകനുമായ മൗലവി ബഷീർ മുഹ്യുദ്ദീൻ ഖുർആന്റെ സാന്ത്വന സ്പർശം എന്ന ശീർഷകത്തിൽ മുഖ്യപ്രഭാഷണം നടത്തി.

'അലകടൽ പോലെ ഇളകിമറിയുന്ന മനുഷ്യ രാശിക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും തീരമാണ് ഖുർആൻ. മുൻവിധികളില്ലാതെ സമീപിക്കുകയും ജീവിതത്തോട് ചേർത്തു വായിക്കുകയും ചെയ്താൽ അസ്വസ്ഥതകളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഖുർആൻ പഠിതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആനിന്റെ അത്ഭുതപരത, ആശയവിന്യാസം, ദാർശനിക വൈശിഷ്ട്യം, പാരായണ ക്ഷമത എല്ലാംതന്നെ ആസ്വാദനത്തിന് വിവിധ മാനങ്ങൾ നൽകുന്നതായി സമാപന പ്രസംഗം നിർവഹിച്ച സാംസ്‌കാരിക പ്രവർത്തകനും ഡോക്യുമെന്ററി നിർമാതാവുമായ വൈ.ഇർഷാദ് പറഞ്ഞു. തനിമ റിയാദ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹ്മത്തെ ഇലാഹി സ്വാഗതവും അവതാരകനായ ജമീൽ മുസ്തഫ നന്ദിയും പറഞ്ഞു. അഹ്ഫാൻ, ബഷീർ രാമപുരം, സിദ്ദീഖ് ബിൻ ജമാൽ, ഡോ.മുഹമ്മദ് നജീബ്, ശരീഫ് കൊല്ലം, ആസിഫ് കക്കോടി, നസീറാ റഫീഖ്, ജാസ്മിൻ അഷ്‌റഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഷിഖ് ലത്തീഫ് ഖുർആൻ പാരായണം നടത്തി. ലബീബ് ഖുർആൻ സ്റ്റഡി സെന്ററിനെ സംബന്ധിച്ച ഡോക്യുമെന്ററി പദർശിപ്പിച്ചു.

Latest News